പി.എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാറിന്റെ വാദങ്ങൾ പൊളിയുന്നു; പിന്മാറ്റം മറ്റ് ഫണ്ടുകളെ ബാധിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി/തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോട യു.ഡി.എഫ് സർക്കാർ പ്രതിരോധത്തിലാകുന്നു.

പദ്ധതിയിൽനിന്ന് പിന്മാറിയാൽ പി.എം ശ്രീ വഴിയുള്ള പ്രത്യേക ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നും മറ്റ് വിദ്യാഭ്യാസ ഫണ്ടുകളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു. ഇതോടെ, ധാരണാപത്രം ഒപ്പിട്ടതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്ന സർക്കാരിന്റെ വാദമാണ് പൊളിയുന്നത്.

കോൺഗ്രസ് അംഗം ജെബി മേത്തർ, മുസ്‍ലിം ലീഗ് എം.പി അബ്ദുൽ വഹാബ് എന്നിവർക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും തുടർനടപടികളിൽ കേരളം പങ്കാളിയായിട്ടില്ല.

കേരളത്തിലെ ഒരു സ്കൂൾ പോലും പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നവോദയകളുമാണ് കേരളത്തിലുള്ള 47 പി.എം. ശ്രീ സ്കൂളുകൾ. പദ്ധതിയുടെ ഭാഗമായി മുൻ സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ല.

പദ്ധതിയിനിന്ന് ഒരു സംസ്ഥാനം പിന്മാറുകയാണെങ്കിൽ ആ സ്കീമുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ മാത്രമേ അവർക്ക് നഷ്ടമാകൂ എന്ന് മന്ത്രി വ്യക്തമാക്കി. മറ്റ് ഫണ്ടുകൾ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്.

നേരത്തെ എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ച പശ്ചാത്തലത്തിലാണ് ധാരണാപത്രം ഒപ്പിടേണ്ടി വന്നതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇപ്പോൾ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കിക്കൊണ്ട് ഇടത് എം.പിമാർ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുടെ അന്തിമ കരാറിൽ ഒപ്പിട്ടു എന്ന് ഇതിനർഥമില്ലെന്നും ഇപ്പോഴും പിന്മാറാനുള്ള വഴികൾ സർക്കാരിന് മുന്നിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളോട് മാപ്പ് പറഞ്ഞ് സർക്കാർ വസ്തുതകൾ തുറന്നുസമ്മതിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം. പി ഡൽഹിയിൽ ആവശ്യപ്പെട്ടു. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടെന്ന കാര്യം സർക്കാർ സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ പറഞ്ഞത്. എന്നാൽ, യു.ഡി.എഫ് കൺവീനർ പറഞ്ഞു എന്നത് ശരിയാണെന്നും പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹം അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി പറഞ്ഞതാവാം അതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും അത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നുമായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. ‘ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നത് സർക്കാർ തീരുമാനിക്കും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഇനി പിന്മാറാനാവില്ല. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ട് എവിടെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറാണ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് കൂടി വന്നതിനുശേഷമാകും ഏതെല്ലാം സ്ഥാപനങ്ങളിലെന്നത് തീരുമാനിക്കുക’ -എന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - പി.എം ശ്രീ: സർക്കാർ വാദങ്ങൾ പൊളിഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.