ന്യൂഡൽഹി: ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സമൂഹ മാധ്യമങ്ങളിൽ സർക്കാറുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങളിലെ ശരി-തെറ്റ് പരിശോധനക്ക് പ്രത്യേക സംവിധാനം കൊണ്ടുവരാൻ പാകത്തിൽ വിവര സാങ്കേതികവിദ്യ ചട്ടം വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ.
മാധ്യമ സെൻസർഷിപ്പിന് സമാനമായ നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന് മാധ്യമ രംഗത്തെ പ്രമുഖ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു. ഐ.ടി ചട്ട ഭേദഗതി നിർദേശങ്ങൾ ജനുവരിയിൽ സർക്കാർ മുന്നോട്ടുവെച്ചിരുന്നു. ഇതിനെതിരെ ഉയർന്ന വിമർശനവും ഉത്കണ്ഠയും തള്ളിയാണ് ഭേദഗതികൾ ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
അതനുസരിച്ച് വാർത്തവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ വസ്തുത പരിശോധനക്ക് പ്രത്യേക യൂനിറ്റ് പ്രവർത്തിക്കും. അവർ വ്യാജമെന്നും വസ്തുതാവിരുദ്ധമെന്നും കാണുന്ന ഉള്ളടക്കം നീക്കാൻ സമൂഹമാധ്യമങ്ങൾ ചട്ടപ്രകാരം ബാധ്യസ്ഥമാണ്. ഗൂഗ്ൾ, ട്വിറ്റർ, ഫേസ്ബുക്, യൂ ട്യൂബ് തുടങ്ങി സമൂഹ മാധ്യമങ്ങൾക്കും എയർടെൽ, ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങി ഇന്റർനെറ്റ് സേവനദാതാക്കൾക്കും ഇത് ബാധകമാണ്.
വ്യാജവാർത്ത ഏതെന്നു നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം സർക്കാറിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് സെൻസർഷിപ്പിനു തുല്യമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി. മാധ്യമരംഗത്തെ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന മുൻ വാഗ്ദാനം സർക്കാർ പാലിച്ചില്ല. പുതിയ വസ്തുതാ പരിശോധന വിഭാഗം, മേൽനോട്ട സംവിധാനം, പരാതിപ്പെടാനുള്ള അവകാശം, സുപ്രീംകോടതി നിർദേശപ്രകാരമുള്ള അപ്പീൽ അവകാശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിജ്ഞാപനം മൗനം പാലിക്കുകയാണെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി.
സർക്കാറിന് ഇത്തരമൊരു പരമാധികാരം നൽകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂട്ടു വീഴുന്നതാണ് വിജ്ഞാപനമെന്ന് പൗരാവകാശ പ്രവർത്തകർ പറയുന്നു. എന്നാൽ, വസ്തുത പരിശോധന വിഭാഗം ഉത്തരവാദിത്തപൂർവം പ്രവർത്തിക്കുമെന്നാണ് സർക്കാറിന്റെ വിശദീകരണം. ചൂതാട്ടം, വാതുവെപ്പ് തുടങ്ങി പണംവെച്ചുള്ള ഓൺലൈൻ ഗെയിമുകൾ വിലക്കുമെന്നും ഐ.ടി ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.