തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ ചേരിതിരിവും മതതീവ്രവാദവും വ്യക്തികൾക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായ സാഹചര്യത്തിൽ പൊലീസിൽ പ്രത്യേക ഐ.ടി സെൽ രൂപവത്കരിച്ചു. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സൈബർ സെല്ലുകൾ. കൃത്യമായ നിയമങ്ങളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടെന്ന സർക്കാർ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് മൂന്ന് ഐ.ടി വിഭാഗങ്ങൾക്ക് സംസ്ഥാന പൊലീസ് മേധാവി രൂപം നൽകിയത്. കൊച്ചിയിൽ കോളജ് വിദ്യാർഥി ഹനാനെതിരെയും മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ജോസഫൈനെതിരായും സൈബർ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി.
ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ്.പി ജെ. ജയനാഥിെൻറ കീഴിലാണ് ഡിവൈ.എസ്.പിമാരടങ്ങിയ 45 അംഗ പ്രഫഷനൽ സംഘത്തെ നിയോഗിച്ചത്. ടീമിന് വേണ്ട ഓഫിസ് സൗകര്യം വേഗം ഒരുക്കാൻ റേഞ്ച് ഐ.ജിമാർക്ക് ഡി.ജി.പി നിർദേശം നൽകി.
ഒരു ഡിവൈ.എസ്.പി, ഒരു സി.ഐ, അഞ്ച് എ.എസ്.ഐ, 10 സീനിയർ സിവിൽ ഓഫിസർ (സി.പി.ഒ), നാല് ഡ്രൈവർമാരടക്കം 21 പേരെയാണ് തിരുവനന്തപുരത്ത് നിയോഗിച്ചിട്ടുള്ളത്. കൊച്ചിയിലും കോഴിക്കോടും ഒരു സി.ഐയുടെ കീഴിൽ അഞ്ച് എ.എസ്.ഐ, അഞ്ച് സി.പി.ഒ, ഒരു ഡ്രൈവറുമടങ്ങിയ 12 പേരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
സെൽ കാര്യക്ഷമമാകുന്നതോടെ പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്‍, ജില്ല പൊലീസ് ആസ്ഥാനങ്ങളിലെ സൈബര്‍ സെൽ എന്നിവ റേഞ്ച് അടിസ്ഥാനത്തിൽ ഈ സെല്ലുകൾക്ക് കീഴിൽ വരും. ഇവ ഇപ്പോള്‍ ക്രൈംബ്രാഞ്ച് നിയന്ത്രണത്തിലാണ്. ആൻറി പൈറസി വിഭാഗവും സ്വകാര്യ വിദഗ്ധരുടെ പങ്കാളിത്തത്തോടെ പൊലീസിെൻറ നിയന്ത്രണത്തില്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമും പുതിയ പൊലീസ് വിഭാഗത്തിെൻറ നിയന്ത്രണത്തിലാക്കും.
സ്വകാര്യ പങ്കാളിത്തത്തോടെയായതിനാല് സൈബര്‍ ഡോമിന് പരാതി സ്വീകരിക്കാനോ കേസെടുക്കാനോ അധികാരമില്ല. കുറ്റകൃത്യം കണ്ടുപിടിക്കാന്‍ ചുമതലയുണ്ടെങ്കിലും കേസെടുക്കാന്‍ ഹൈടെക് സെല്ലിനും അധികാരമില്ല. ഇതിനും കൂടി പരിഹാരമായാണ് മൂന്ന് ഐ.ടി വിഭാഗം. സൈബർ ക്രൈം വിഭാഗത്തിെൻറ മേൽനോട്ടവും ഭാവിയിൽ ഇവരിലേക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.