സ്മൃതി ഇറാനി വന്നുമടങ്ങി; വയനാട് ജില്ല വിടാതെ വിവാദം

കൽപറ്റ: കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിൽ വിവാദം പുകയുന്നു. രാഷ്ട്രീയ എതിരാളിയായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലത്തിൽ സന്ദർശനത്തിനെത്തിയ സ്മൃതി, വികസനത്തിൽ വയനാട് പിന്നാക്കമാണെന്ന രീതിയിൽ നടത്തിയ പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്നു വ്യക്തമാക്കി ജില്ല ഭരണകൂടം തന്നെ രംഗത്തെത്തി. ആസ്പിരേഷനൽ ഡിസ്ട്രിക്ട് പ്രോഗ്രാം പദ്ധതിയിൽ ജില്ലയുടെ റാങ്കിങ് ഏറെ താഴെയാണെന്നും അത് മെച്ചപ്പെടുത്തണമെന്നും വാർത്തസമ്മേളനത്തിൽ സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഡെൽറ്റ റാങ്കിങ്ങിൽ ജില്ലയുടെ സ്ഥാനം 30 ആണെന്നും മന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും ജില്ലയിലെ ഉന്നത അധികൃതർ പറയുന്നു. ഇതേക്കുറിച്ച് ജില്ല ഭരണകൂടം നടത്തിയ വിശദീകരണം ഉൾക്കൊള്ളാൻ മന്ത്രി തയാറായില്ലെന്നാണ് വിമർശനം.

സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം കേരളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിലെ ബി.ജെ.പി അനുകൂല മാധ്യമങ്ങൾ വലിയ വാർത്തയായി ഉയർത്തിക്കാട്ടുകയാണ്. രാജ്യത്തെ ഏറ്റവും അവികസിതമായ 118 ജില്ലകളിലുൾപ്പെട്ട വയനാട്ടിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും അതിന് ഉത്തരവാദിയായ രാഹുൽ ഗാന്ധിയെ മടയിൽപോയി ആക്രമിക്കുകയാണ് സ്മൃതി ഇറാനി എന്നൊക്കെയുള്ള രീതിയിലാണ് വാർത്തകൾ. സ്മൃതി വയനാട്ടിലെ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ രാഹുൽ ഗാന്ധി തന്റെ മണ്ഡലം ശ്രദ്ധിക്കാതെ വിദേശത്ത് ആഘോഷത്തിലാണെന്നും വിവാഹാഘോഷത്തിൽ രാഹുൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവെച്ച് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. മണ്ഡലത്തിലെ എം.പി ആരെന്ന് തങ്ങൾക്ക് അറിയില്ലെന്ന് വയനാട്ടിലെ വോട്ടർമാരിൽ ചിലർ പറഞ്ഞതായി സംഘ്പരിവാർ അനൂകൂല ചാനലായ റിപ്പബ്ലിക് ടി.വി വാർത്ത നൽകി.

എന്നാൽ, തങ്ങളുടെ കീഴിലുള്ള ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി വയനാട്ടിലെത്തുന്നത് നിതി ആയോഗ് അറിഞ്ഞിട്ടില്ലെന്ന് ജില്ലയിലെ ഉന്നത അധികൃതർ പറഞ്ഞു. അവർ സ്വന്തം നിലക്കാണ് വയനാട്ടിലെത്തുന്നതെന്നാണ് നിതി ആയോഗ് ജില്ല ഭരണകൂടത്തിന് നൽകിയ മറുപടി. ഫെഡറൽ തത്ത്വങ്ങൾ ലംഘിച്ചാണ് സ്മൃതി ഇറാനി ജില്ലയിൽ സന്ദർശനം നടത്തിയതെന്നും പരിപാടികൾ സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകാൻ പോലും വിസമ്മതിച്ചതായും എൽ.ഡി.എഫും കോൺഗ്രസും കുറ്റപ്പെടുത്തി.

ജില്ലയിലെ എം.പി, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരെയൊന്നും അറിയിക്കാതെയും ക്ഷണിക്കാതെയുമായിരുന്നു പരിപാടികൾ. ജില്ലയിലെ വികസന പ്രവർത്തനങ്ങൾ മറച്ചുവെച്ച് അടിസ്ഥാനരഹിതമായ കണക്കുകളുദ്ധരിച്ച് നടത്തിയ പ്രചാരണം കേന്ദ്ര മന്ത്രി പദവിക്ക് ചേർന്നതല്ലെന്നും അവർ പറയുന്നു. 'വയനാടിനും രാഹുലിനുമെതിരെ ബി.ജെ.പി ആരോപണങ്ങൾ കെട്ടിച്ചമക്കുകയാണ്. വയനാട്ടുകാരായ ഞങ്ങൾ ഇതൊന്നും മുഖവിലക്കെടുക്കുന്നേയില്ല. വയനാട്ടുകാർക്ക് രാഹുലിനേയും രാഹുലിന് അവരേയും അറിയാം. മണ്ഡലത്തിന്റെ വികസനത്തിന് രാഹുൽ ഗാന്ധി ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എം.പി എപ്പോഴും മണ്ഡലത്തിലില്ലെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന വിമർശനം. ദേശീയ നേതാവായ അദ്ദേഹം എല്ലാ സമയത്തും ഇവിടെയുണ്ടാവുക എളുപ്പമല്ലെന്ന് ചിന്തിച്ചാൽ മനസ്സിലാകുന്നതല്ലേ. ദുഷിപ്പുകൾ പറഞ്ഞൊന്നും വോട്ടർമാർക്കിടയിൽ രാഹുലിന്റെ വില കുറക്കാനുള്ള ശ്രമം വിലപ്പോവില്ല' -ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

Tags:    
News Summary - Smriti Irani returns; Controversy still continues in wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.