കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ അന്താരാഷ്ട്ര പ്രശസ്തനായ നോർവീജിയൻ ഡി.ജെ. അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ടത്തോടെ മൊബൈൽ ഫോണുകൾ മോഷണംപോയ സംഭവത്തിൽ മൂന്നു പേരെ ഡൽഹിയിൽ പിടികൂടി. ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകളും കണ്ടെത്തി.
കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ നടന്ന ഷോക്കിടെ 21 ഐ ഫോണുകളുൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ നഷ്ടമായെന്നായിരുന്നു മുളവുകാട് പൊലീസിന് ലഭിച്ച പരാതി. ഈ മാസം ആറിന് ഞായറാഴ്ച വൈകീട്ടാണ് ഇ-സോൺ എന്റർടെയ്ൻമെന്റ്സിന്റെ സംഘാടനത്തിൽ സൺബേൺ അറീന ഫീറ്റ് അലൻ വാക്കർ എന്ന സംഗീതനിശ അരങ്ങേറിയത്. കൃത്യമായ ആസൂത്രണത്തോടെ കാണികൾക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈൽ കവർന്നത്.
മുൻനിരയിൽ 6000 രൂപയുടെ വി.ഐ.പി ടിക്കറ്റെടുത്തവരുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. ഡൽഹി ചോർ ബസാറിൽ മൊബൈൽ ഫോണുകൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഡൽഹിയിലെത്തിയത്. പിന്നാലെയാണ് മൂന്നു പേരെ പിടികൂടിയത്. പിടിയിലായ മൂന്നു പേരും സംഭവ ദിവസം കൊച്ചിയിലുണ്ടായിരുന്നെന്നാണ് വിവരം. അന്വേഷണ സംഘം ഡൽഹിയിൽ തന്നെ തുടരുകയാണ്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. 5000ത്തിലേറെപേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.