ക്ഷേമ പെൻഷൻ ആദ്യം നടപ്പാക്കിയത് ഏത് സർക്കാർ?; ധനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ക്ഷേമ പെൻഷൻ ആദ്യം നടപ്പാക്കിയത് ഇടത് സർക്കാരാണെന്ന ബജറ്റ് പ്രസംഗത്തിലെ അവകാശവാദത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ആർ. ശങ്കറിന്‍റെ സർക്കാരാണ് കേരളത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ നടപ്പാക്കിയതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.

വാർധക്യകാല പെൻഷനും വിധവ പെൻഷനുമാണ് ശങ്കർ സർക്കാർ നടപ്പാക്കിയത്. കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാരല്ല ക്ഷേമ പെൻഷൻ ആരംഭിക്കുന്നതെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ക്ഷേമ പെൻഷൻ തുടങ്ങിയത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നാണ് നിയമസഭയിലെ ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. മന്ത്രിയുടെ ഈ പരാമർശത്തിനാണ് വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് മറുപടി നൽകിയത്.

'ക്ഷേമരംഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചെവഴിക്കുന്ന സര്‍ക്കാര്‍ കേരളത്തിലേതാണ്. അതിവിപുലമായ സാമൂഹ്യസുരക്ഷാ പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ ക്ഷേമ പെന്‍ഷനായി രണ്ടാം പിണറായി സര്‍ക്കാര്‍ 48,383.83 കോടി രൂപ നല്‍കി. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2,000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നു' -കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

1962ൽ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സർക്കാർ ഗവർണറായി നിയമിച്ചപ്പോഴാണ് ആർ. ശങ്കർ കേരളത്തിന്‍റെ മൂന്നാമത് മുഖ്യമന്ത്രിയാകുന്നത്. അന്ന് ധന വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ആർ. ശങ്കർ ആയിരുന്നു.

1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മാത്രമാണ് ശങ്കർ മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. 15 കോൺഗ്രസ് എം.എൽ.എമാർ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചത് ശങ്കർ മന്ത്രിസഭയുടെ രാജിക്ക് വഴിയൊരുക്കി. 1964 സെപ്റ്റംബർ എട്ടിന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ശങ്കർ മന്ത്രിസഭ രാജിവെച്ചു.

കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രിയും കേരളത്തിന്‍റെ ആദ്യ ഉപമുഖ്യമന്ത്രിയുമായിരുന്നു ആർ. ശങ്കർ. കൂടാതെ, അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ശങ്കറാണ്.

Tags:    
News Summary - R. Shankar government was the first to implement welfare pension -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.