തിരുവനന്തപുരം: സ്മാർട് മീറ്റർ പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി. 50,000 മീറ്റർ കൂടി സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കാൻ നടപടി തുടങ്ങി. ആദ്യഘട്ടമായി തിരുവനന്തപുരത്തും കളമശ്ശേരിയിലും നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് കൂടുതൽ മീറ്ററുകൾ സ്ഥാപിക്കുന്നത്.
മീറ്റർ ഇൻസ്റ്റലേഷൻ വർക് ഫോഴ്സ് മാനേജ്മെന്റ് സോഫ്റ്റുവെയർ ഒരുമ ബില്ലിങ് സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കൽ വിജയകരമായി നടപ്പാക്കാനായി. ജീവനക്കാർക്കായി വികസിപ്പിച്ച എച്ച്.ആർ.ഐ.എസ് (ഹ്യൂമൻ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം) മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്.
എച്ച്.ടി ഉപഭോക്താക്കൾക്ക് 2026 ആഗസ്റ്റിനകം മീറ്ററുകൾ സ്ഥാപിക്കും. ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നില്ലെങ്കിലും അടുത്ത ഘട്ടത്തിൽ ഇതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ നിർദേശിച്ച ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ, ചെലവ് കുറച്ച് കാപെക്സ് മാതൃകയിൽ ഘട്ടംഘട്ടമായി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ബദൽ മാതൃക തയാറാക്കി മൂന്ന് ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ ടെണ്ടർ ചെയ്തു. രണ്ട് പാക്കേജുകളായി നടത്തിയ ടെണ്ടറിൽ ഇസ്ക്രാമെക്കോ ഇന്ത്യ ലിമിറ്റഡ്, ഈസിയ സോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കുറഞ്ഞ നിരക്കിൽ ടെണ്ടർ നൽകിയത്. ഇത് അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.