അർധരാത്രി കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ബൈക്കിൽ അഭ്യാസപ്രകടനം; ആറ് യുവാക്കൾ അറസ്റ്റിൽ

കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തി വഴിതടഞ്ഞ ആറ് യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലർച്ചെയോടെയായിരുന്നു ബസിന്‍റെ വഴിതടഞ്ഞുകൊണ്ട് ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് പെരുമ്പിലാവ് എത്തിയപ്പോഴായിരുന്നു യുവാക്കളുടെ അക്രമം. മൂന്ന് ബൈക്കിലായി ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവർ ബസിൽ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയെന്നും സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞുവെന്നും യാത്രക്കാർ പറയുന്നു. ബസിന് കടന്നുപോകാൻ കഴിയാത്ത തരത്തിൽ മുന്നിൽ ബൈക്കോടിക്കുകയും ചെയ്തു.

80ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. യുവാക്കളുടെ അതിരുവിട്ട പ്രകടനത്തിന്‍റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വലിയ അപകടത്തിനിടയാക്കുന്ന രീതിയിലായിരുന്നു യുവാക്കളുടെ പ്രകടനമെന്ന് ബസ് ജീവനക്കാർ പറയുന്നു. രാത്രിതന്നെ കുന്നംകുളം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് നമ്പറുകൾ വ്യക്തമായി കാണാമായിരുന്നു. 

Tags:    
News Summary - six youth arrested for obstructing ksrtc service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.