കോഴിക്കോട് : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി നിലമ്പൂർ മാറുകയാണ്. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു. ഷറഫലിയെ നിലമ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കോൺഗ്രസിന്‍റെ നിലവിലെ എം.എൽ.എയായ ആര്യാടൻ ഷൗക്കത്ത് തന്നെയാവും നിലമ്പൂരിൽ യു.ഡി.എഫിനായി കളത്തിലിറങ്ങുക.
ഷറഫലിയെ ആദ്യം ഏറനാട് മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറിയതോടെ നിലമ്പൂരിലേക്ക് മാറുകയായിരുന്നു. ഷറഫലിയുടെ വ്യക്തിപ്രഭാവവും, നിലമ്പൂരിലെ അദ്ദേഹത്തിന്റെ കുടുംബ-സുഹൃദ് ബന്ധങ്ങളും സി.പി.എമ്മിന്റെ സംഘടനാ കരുത്തും ഒത്തുചേരുമ്പോൾ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. മുമ്പ് പി.വി. അൻവർ രാജിവെച്ചതിനെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് ആദ്യഘട്ടത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും അന്ന് എം. സ്വരാജിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.
വി.പി. സത്യൻ, ഐ.എം. വിജയൻ എന്നിവർക്കൊപ്പം കേരള ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടത്തിൽ പ്രതിരോധത്തിലെ കാവലാളായിരുന്നു ഷറഫലി. 1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടുമ്പോൾ ടീമിന്റെ നട്ടെല്ലായിരുന്നു അദ്ദേഹം. ഇന്ത്യൻ ടീമിനെ നയിച്ചും, ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടിയും ദേശീയ തലത്തിൽ ശ്രദ്ധേയമായ കരിയറാണ് അദ്ദേഹത്തിനുള്ളത്.
മലബാർ സ്പെഷ്യൽ പോലീസിൽ അസിസ്റ്റന്റ് കമാൻഡന്റായും കമാൻഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ച ഷറഫലി കേരള പോലീസ് ടീമിന്റെ മാനേജർ, മുഖ്യ പരിശീലകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2023 മുതൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഈ പദവിയിൽ നിന്ന് രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.