പയ്യന്നൂർ: 61 വർഷം മുമ്പുണ്ടായ തർക്കം പരിഹരിച്ച് കാപ്പാട്ട് കഴകത്തിലെ നാട്ടെഴുന്നള്ളത്ത് മാവിച്ചേരി ഭഗവതി ക്ഷേത്രത്തിലെത്തി. ക്ഷേത്ര പള്ളിയറയുടെ മുൻ കൊട്ടിലിൽ കയറിയ കാപ്പാട്ട് ഭഗവതിയുടെ കോമരവും മാവിച്ചേരി ക്ഷേത്രത്തിലെ സ്ഥാനികനും തിരുവായുധങ്ങൾ പരസ്പരം കൈമാറി ക്ഷേത്രമതിൽക്കകത്ത് നർത്തനമാടി.
യാദവ സമുദായ കഴകമായ കാപ്പാട്ട് കഴകവും കുശവ സമുദായ ക്ഷേത്രമായ മാവിച്ചേരി ഭഗവതി ക്ഷേത്രവും തമ്മിൽ പൂർവികമായി ഒട്ടേറെ ആചാര അനുഷ്ഠാന ബന്ധങ്ങളുണ്ടായിരുന്നു. പൂരോത്സവകാലത്ത് കാപ്പാട്ട് കഴകത്തിലെ പണിക്കരും വാല്യക്കാരുമാണ് മാവിച്ചേരി ക്ഷേത്രത്തിൽ പൂരക്കളി കളിച്ച് പൂരമാല നടത്തിവന്നത്. പണിക്കരും വാല്യക്കാരും മാവിച്ചേരി ക്ഷേത്രത്തിൽ പൂരമാല നടത്തി തിരിച്ച് എത്തിയാൽ മാത്രമേ കാപ്പാട്ട് കഴകത്തിൽ അന്നത്തെ പൂരോത്സവ ചടങ്ങുകൾ പൂർത്തീകരിച്ച് നട അടക്കുകയുള്ളൂ. വിഷുവിനും പെരുങ്കളിയാട്ടത്തിനും കഴകത്തിലെ മറ്റ് ഉത്സവകാലത്തുമെല്ലാം കാപ്പാട്ട് കഴകത്തിൽ ആചാര ചടങ്ങുകൾ നിർവഹിക്കാനുള്ള അധികാരം മാവിച്ചേരി ഭഗവതി ക്ഷേത്രത്തിനും ഉണ്ടായിരുന്നു. 1962ലെ പൂരോത്സവ കാലത്ത് മാവിച്ചേരി ക്ഷേത്രത്തിൽ പൂരക്കളി കളിക്കുന്നതിനിടയിലുള്ള തർക്കം ഇരു ക്ഷേത്രങ്ങളെയും തമ്മിൽ അകറ്റി. അതോടെ ഇരു ക്ഷേത്രങ്ങളും തമ്മിൽ നടത്തേണ്ട ആചാര അനുഷ്ഠാനങ്ങളും മുടങ്ങി. കഴിഞ്ഞ പെരുങ്കളിയാട്ട കാലത്ത് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഇരു ക്ഷേത്ര ഭാരവാഹികളും ഒരുമിച്ചിരുന്ന് പ്രശ്നം രമ്യമായി പരിഹരിച്ചു. പൂർവികാചാരങ്ങൾ തുടരാൻ ഇരുവരും തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് 61 വർഷത്തിന് ശേഷം കാപ്പാട്ട് കഴകത്തിലെ നാട്ടെഴുന്നള്ളത്ത് മാവിച്ചേരി ഭഗവതി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം കോയ്മ ടി.സി.വി രജിത്ത്, അന്തിത്തിരിയൻ പി.വി. രഞ്ജിത്ത്, സ്ഥാനികരായ ടി.വി. കൃഷ്ണൻ, വി.വി. പ്രഭാകരൻ മാസ്റ്റർ, കെ.വി. ദാമോധരൻ. ക്ഷേത്രം സമുദായ കമ്മിറ്റി പ്രസിഡൻറ് ടി.വി. പവിത്രൻ, സെക്രട്ടരി കെ.വി. വേണുഗോപാലൻ, ട്രഷർ പി.വി. രഘുനാഥൻ, പുനർ നിർമാണ കമ്മിറ്റി ചെയർമാൻ ഡോ. എം. മുരളീധരൻ, വർക്കിങ് ചെയർമാൻ എം. രാജേഷ്, സെക്രട്ടറി ടി.വി. ഭാസ്കരൻ, ട്രഷറർ എം. ശശിധരൻ ഉൾപ്പെട്ട വൻ ജനാവലി ഏളത്തിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.