അന്വേഷണത്തിലേക്ക് എൻ.ഐ.എയെ കൊണ്ടുവന്നത് ശിവശങ്കറിന്‍റെ തന്ത്രം- സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിന്‍റെ അന്വേഷണത്തിലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയെ കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താന്‍ വായ തുറക്കാതിരിക്കാനും തന്നെ കാലങ്ങളോളം ജയിലിൽ അടക്കാനും വേണ്ടിയാണ് എൻ.ഐ.എയെ കൊണ്ടുവന്നത്. ഇത് ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞതെന്നും സ്വപ്ന പറഞ്ഞു.

നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗിൽ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നു.

ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് നല്‍കിയത് സന്ദീപ് പറഞ്ഞിട്ടാണ്. ശിവശങ്കർ, ജയശങ്കർ എന്നിവർ പറഞ്ഞത് അനുസരിച്ച് കാര്യങ്ങൾ ചെയ്യുകയായിരുന്നു. ജയിലിലായിരുന്ന തനിക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണ്. ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമീഷൻ പണമായിരുന്നു.

ശബ്ദരേഖ നല്‍കിയത് ശിവശങ്കറിന്‍റെ നിര്‍ദേശം അനുസരിച്ചാണ്. കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ഓഡിയോ ശിവശങ്കര്‍ ചെയ്യിച്ചതാണ്. ശിവശങ്കറിനൊപ്പം നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മാസത്തിൽ രണ്ടോ മൂന്നോ തവണ ശിവശങ്കറുമായി യാത്രകൾ നടത്താറുണ്ട്. ഇതൊന്നും ഒദ്യോഗിക യാത്രകൾ ആയിരുന്നില്ല. ഒദ്യോഗികമാക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നോ എന്ന് തനിക്കറിയില്ല. താനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സത്യസന്ധമായി എഴുതാൻ ശിവശങ്കർ തയാറാകണമായിരുന്നു എന്നും സ്വപ്ന പറഞ്ഞു.

എന്‍റെ കുടുംബത്തിൽ സമ്പാദിച്ചിരുന്ന വ്യക്തി ഞാൻ മാത്രമാണ്. കുടുംബം പുലർത്താൻ ഞാൻ തന്നെ ജോലിക്ക് പോകണമായിരുന്നു. ഭർത്താവ് ജോലിക്ക് പോയിരുന്നില്ല. അതിനാലാണ് ജോലിക്ക് വേണ്ടി ശിവശങ്കറിന്‍റെ സഹായം തേടിയത്. മൂന്നു വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കർ. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ വരുമായിരുന്നു. മാസത്തില്‍ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബംഗളൂരുവിലോ പോകുമായിരുന്നു. തന്നെ സ്വാധീനിച്ച് ചൂഷണം ചെയ്തയാളാണ് ശിവശങ്കർ. താനും പുസ്തകം എഴുതാൻ തയാറാണ്. 

ശിവശങ്കർ തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് പുസ്തകം എഴുതിയതുകൊണ്ട് മാത്രമാണ് ഇന്ന് താൻ മാധ്യമങ്ങളോട് സംസാരിക്കുന്നത്. തന്‍റെ അമ്മ മാത്രമാണ് സപ്പോർട്ട് ചെയ്തത്. അമ്മ ഉള്ളതുകൊണ്ട് മാത്രമാണ് താനിന്ന് ജീവിക്കുന്നത്. ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ തനിക്ക് കിട്ടിയ വലിയ അടിയാണ് ശിവശങ്കറിന്‍റെ ആത്മകഥ എന്നപേരിൽ പുറത്തുവന്ന നുണകളെന്നും സ്വപ്ന സുരേഷ്.

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. കുടുംബമായും ബന്ധമുണ്ടായിരുന്നു. സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. ശ്രീരാമകൃഷ്ണനെ താന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത്. മുന്‍ മന്ത്രി കെ.ടി ജലീലുമായും ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വപ്‌ന പറഞ്ഞു. 

Tags:    
News Summary - Sivasankar's plot to bring NIA investigation - Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT