ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പ്രവേശനം തടഞ്ഞതിന് പിന്നിൽ സഹോദരിയുടെ പരാതി

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ഏക എം.എൽ.എ കെ.ബി. ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പ്രവേശനം രണ്ടാം ടേമിലേക്ക് മാറ്റാനുള്ള എൽ.ഡി.എഫ് തീരുമാനത്തിന് പിന്നിൽ കുടുംബാംഗത്തിന്‍റെ ഇടപെടലെന്ന് റിപ്പോർട്ട്. ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധിച്ച തർക്കം ചൂണ്ടിക്കാട്ടി മൂത്ത സഹോദരി ഉഷ മോഹൻ‌ദാസ് ഉന്നയിച്ച പരാതിയാണ് ഗണേഷിന് തിരിച്ചടിയായത്. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം  മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ സന്ദർശിച്ച ഉഷ, പരാതി നേരിട്ട് ഉന്നയിച്ചെന്ന്​ 'ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്​തു.

കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് മേയ് മൂന്നിന് അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളത്. ഈ സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച തയാറാക്കിയ വിൽപത്രത്തിൽ ചില കളികൾ നടന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ സഹോദരൻ ഗണേഷ് കുമാറാണെന്നാണ് ഉഷയുടെ ആരോപണം. കൂടാതെ, അതിന്‍റെ തെളിവുകൾ ഉഷ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമെ, സോളാർ കേസിലെ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഗണേഷ് കുമാറിന് ആദ്യ ടേമിലെ മന്ത്രിയാകുന്നതിൽ വിലങ്ങുതടിയായി. ഇതാണ് എൽ.ഡി.എഫിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

ചില കുടുംബ പ്രശ്നങ്ങളുണ്ടെന്നും അത് കുടുംബത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഉഷ മോഹൻദാസ് പ്രതികരിച്ചു. ഈ വിഷയത്തിൽ ആർക്കും പരാതി നൽകിയിട്ടില്ല. മാധ്യമ വാർത്തകളെ കുറിച്ച് അറിയില്ല. തങ്ങളുടെ അറിവോടെയല്ല വാർത്തകൾ വന്നതെന്നും ഉഷ ന്യൂസ് സൈറ്റിനോട് പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പ്രവേശനം രണ്ടാം ടേമിലേക്ക് മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് കെ.ബി. ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സ്വത്തുതർക്കം സംബന്ധിച്ച് സഹോദരി പരാതി നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗണേഷ് വ്യക്തമാക്കി.

നേരത്തെ, കേരള കോൺഗ്രസ് ബിക്ക് ആദ്യ ടേമിലും ജനാധിപത്യ കേരള കോൺഗ്രസിന് രണ്ടാമത്തെ ടേമിലും പിണറായി മന്ത്രിസഭയിൽ അംഗമാകാനാണ് എൽ.ഡി.എഫിൽ ധാരണയായത്. എന്നാൽ, ഗണേഷ് കുമാറിന്‍റെ സഹോദരിയുടെ ഇടപെടലോടെ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു. തുടർന്ന്, ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ഏക എം.എൽ.എ ആന്‍റണി രാജുവിനോട് ആദ്യ ടേമിൽ മന്ത്രിസഭാംഗമാകാൻ എൽ.ഡി.എഫ് നിർദേശിക്കുകയായിരുന്നു.

2001 മുതൽ പത്തനാപുരം സിറ്റിങ് എം.എൽ.എയായ ഗണേഷ് കുമാർ 2011ൽ ഉമ്മൻ ചാണ്ടി സർക്കാറിൽ അംഗമായിരുന്നു. എന്നാൽ, ആദ്യഭാര്യ ഡോ. യാമിനി തങ്കച്ചി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് 2013 ഏപ്രിലിൽ രാജിവെക്കേണ്ടി വന്നു.

Tags:    
News Summary - Sister’s complaint costs Ganesh Kumar first term in cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.