എസ്​.​ഐ.ആർ: ഹിയറിങ്ങിലെ തീർപ്പിനെതിരെ അപ്പീൽ സമർപ്പിക്കാൻ സാവകാശമില്ല

തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെയോ (ഇ.ആർ.ഒ) ജില്ലാ കലക്ടർമാരുടെയോ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കുമ്പോഴും അപ്പീൽ തീർപ്പ് വരും മുമ്പ് അന്തിമപട്ടികയിറങ്ങും. മുഖ്യതെരഞ്ഞെടപ്പ് ഓഫിസർ (സി.ഇ.ഒ) വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ ഗുരുതര പൊരുത്തക്കേട് ചൂണ്ടിക്കാട്ടപ്പെട്ടത്. ഇ.ആർ.ഒമാരുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളിൽ കലക്ടർമാർക്ക് അപ്പീൽ നൽകാം.

കലക്ടർമാരുടെ തീരുമാനത്തിനെതിരെ അടുത്ത 15 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരിയായ സി.ഇ.ഒക്കും അപ്പീൽ സമർപ്പിക്കാം. ജനുവരി 31നാണ് ഹിയറിങ്ങും പരിശോധനയും പൂർത്തിയാകുന്നത്. ആറ് ദിവസം കഴിഞ്ഞ് ഫെബ്രവരി ഏഴിന് അന്തിമ പട്ടികയിറങ്ങും. ഫലത്തിൽ ഹിയറിങ്ങിലെ തീർപ്പിനെതിരെ അപ്പീൽ സമർപ്പിക്കാനുള്ള 15 ദിവസമെന്ന സാവകാശമില്ലാതെയാണ് അന്തിമ പട്ടിക ഇറങ്ങുക.

അപ്പീൽ കാലയളവിൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാൽ എന്ത് പ്രയോജനമെന്ന് മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷാ ചോദിച്ചു. അപ്പീലുകൾ ഇല്ലാതെ പരമാവധി കുറ്റമറ്റ പട്ടിക തയാറാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി. അപ്പീലിന് നിശ്ചിത ഫോമുണ്ടോ, ഇത് ആരുടെ കൈവശമാണ് സമർപ്പിക്കേണ്ടത്, എന്ന് മുതലാണ് സമർപ്പിക്കേണ്ടത്, ഓൺലൈൻ അപേക്ഷയാണോ എന്നതൊന്നും കമീഷൻ വ്യക്തമാക്കിയിട്ടില്ലെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചൂണ്ടിക്കാട്ടി.

പരാതിയും ആക്ഷേപങ്ങളും സ്വീകരിച്ചച്ചോ എന്നറിയാൻ മാർഗമുണ്ടോ എന്നും ചോദ്യമുണ്ടായി. ഇക്കാര്യം രേഖാമൂലം അപേക്ഷകനെ അറിയിക്കാൻ സൗകര്യമൊരുക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. 140 ഇ.ആർ.ഒമാർക്കും ഇത് സംബന്ധിച്ച് നിർദേശം നൽകും. നടപടിക്രമങ്ങൾ വിശദീകരിച്ച് മാധ്യമങ്ങൾ വഴി പരസ്യവും നൽകും. അപ്പീൽ കൊടുക്കേണ്ടത് എങ്ങനെയെന്നതടക്കം വിശദാംശങ്ങൾ ഇതിലുണ്ടാകുമെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. 

Tags:    
News Summary - SIR: No right to appeal against the decision in the hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.