കോഴിക്കോട്: ഫലസ്തീനികളുടെ ഭൂമി കൈയേറി കുഞ്ഞുങ്ങളെയടക്കം കൊല്ലുന്ന അധിനിവേശ ഇസ്രായേലിനൊപ്പം ചേർന്നുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് വംശീയവാദികളുമായുള്ള കൂട്ടുകെട്ടും കാലങ്ങളായി ഫലസ്തീന്റെ കൂടെനിന്ന രാജ്യത്തിന്റെ പൈതൃകത്തെ വഞ്ചിക്കലുമാണെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ. മുഹമ്മദ് റമീസ്. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നഗരത്തിൽ എസ്.ഐ.ഒ സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരങ്ങൾ അണിനിരന്ന റാലി കോർപറേഷൻ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് കടപ്പുറത്ത് സമാപിച്ചു. പ്രവർത്തകർ ഫലസ്തീൻ ഐക്യദാർഢ്യ ഇൻസ്റ്റലേഷനുകളും പ്ലക്കാർഡുകളുമുയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തെ ഫലസ്തീൻ ആക്ടിവിസ്റ്റ് മഹമൂദ് അഹ്മദ് ശബ്ദസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.