കോഴിക്കോട്: എം.എസ്. ബാബുരാജിന്‍െറയും കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍െറയും പാട്ടുകേട്ട് കുളിരണിഞ്ഞ നഗരത്തെരുവുകളില്‍ പഴമ്പാട്ടുകളുടെ ഈണങ്ങള്‍ പാടിക്കേള്‍പ്പിക്കാന്‍ ഇനി ദര്‍ബയില്ല. കല്ലായിയുടെ പാട്ടുകാരനെന്നറിയപ്പെട്ട ദര്‍ബ മൊയ്തീന്‍കോയ വിടപറഞ്ഞത് പാടിത്തീരാത്ത ഇശലുകള്‍ ബാക്കിവെച്ചാണ്.
കല്ലായിയില്‍ മരവ്യാപാര മേഖലയില്‍ തൊഴിലും സംഗീതവും ഒന്നിച്ചു കൊണ്ടുപോയ പഴയ തലമുറയിലെ അവസാന കണ്ണികളിലൊരാളായിരുന്നു ദര്‍ബ. ബാബുരാജിനൊപ്പം നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്ത ദര്‍ബയുടെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ സംഗീതാസ്വാദകര്‍ ഒഴുകിയത്തെിയിരുന്നു.
കാതിനെയും കരളിനെയും കുളിരണിയിപ്പിക്കുന്ന സൂഫി സംഗീതത്തിന്‍െറ സുഗന്ധത്തോടൊപ്പം മോയിന്‍കുട്ടി വൈദ്യരുടെ തൂലികയില്‍ വിരിഞ്ഞ മനോഹര ഇശലുകളും ദര്‍ബയുടെ ശ്രുതിമധുര ശബ്ദത്തില്‍ ഒഴുകിയത്തെി. പാട്ടുപാടുന്നതോടൊപ്പം മാപ്പിളപ്പാട്ടുകളുടെ അത്യപൂര്‍വമായ ശേഖരവും തന്‍െറ വീട്ടിലെ കൊച്ചുമുറിയില്‍ സൂക്ഷിച്ചുവെക്കാന്‍ ദര്‍ബ മറന്നില്ല. മരവ്യാപാരം കൊണ്ട് ലോകഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ കല്ലായിയിലെ പൈതൃകത്തിന്‍െറ വിശുദ്ധി സൂക്ഷിച്ചുവെച്ചയാളായിരുന്നു ദര്‍ബ.
കാല്‍പനികതയുടെ മധുരമുള്ള മാപ്പിളപ്പാട്ടുകള്‍ക്കൊപ്പം ഭക്തി തുളുമ്പുന്ന പാട്ടുകള്‍ പാടി വിശ്വാസികളുടെ ഹൃദയത്തില്‍ തന്‍െറ സ്വരമാധുരി ഉറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മാലപ്പാട്ടുകളും മദ്ഹ് കാവ്യങ്ങളും കിസ്സപ്പാട്ടുകളും കെസ്സുകളും പടപ്പാട്ടുകളും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. പ്രവാചകന്‍ മുഹമ്മദും അനുയായികളും മതത്തെ വളര്‍ത്താന്‍ അനുഭവിച്ച പ്രതിസന്ധികളും വിഷമതകളും വിവരിക്കുന്ന പാട്ടുകള്‍ ദര്‍ബ മൊയ്തീന്‍കോയ പാടുമ്പോള്‍ പലരുടെയും കണ്ണുനിറയുമായിരുന്നു.
പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് തിരൂര്‍ ഷായുടെ കൂടെ മലപ്പുറം ജില്ലയിലെ തിരൂര്‍, കുറ്റിപ്പുറം, പൊന്നാനി ഭാഗങ്ങളില്‍ ഒരുകാലത്ത് ദര്‍ബ സ്ഥിരം ഗായകനായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണഗാനങ്ങള്‍ക്കും ആ വിസ്മയിപ്പിക്കുന്ന ശബ്ദത്തിന് ആവശ്യക്കാരുണ്ടായിരുന്നു. നര്‍മബോധം തുളുമ്പുന്ന ദര്‍ബയുടെ വാക്കുകളില്‍ എപ്പോഴും കവിതയുണ്ടായിരുന്നു. അസാധാരണമായ ഓര്‍മശക്തി സൂക്ഷിക്കുന്ന അദ്ദേഹത്തിന്‍െറ ശേഖരത്തില്‍ കേട്ടുമറക്കുകയും പാടിപ്പതിയുകയും ചെയ്ത നിരവധി ഗാനങ്ങളുണ്ട്. പാട്ടിന് അനുബന്ധമായി നടത്താറുള്ള ആഖ്യാനങ്ങള്‍ മലബാറിന്‍െറ പ്രാദേശിക ജീവിതത്തില്‍നിന്നുള്ള ഏടുകളായിരുന്നു.
പാട്ടിനെക്കൂടാതെ ജീവിതവീക്ഷണത്തിലും രീതികളിലും അദ്ദേഹം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടാതെ പാട്ടിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു ദര്‍ബ. ജീവിതസായാഹ്നത്തിലും അദ്ദേഹം സംഗീതവേദികളില്‍ കയറിയിറങ്ങി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ടൗണ്‍ഹാളിലും കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലുമാണ് അദ്ദേഹം അവസാനമായി സംഗീതസുഗന്ധം കൊണ്ട് ശ്രോതാക്കളെ വിസ്മയിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.