കൊച്ചി: സൈമൺ ബ്രിട്ടോയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സീന ഭാസ്കർ രംഗത്ത്. മരണസർട്ടിഫിക്കറ്റ് സംബന്ധിച്ചും ചില സംശയങ്ങളുണ്ടെന്ന് അവർ പറഞ്ഞു. ബ്രിട്ടോ ഹൃദ്രോഗിയാണെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. എന്നാൽ, ഇത് ശരിയല്ല. ബ്രിട്ടോക്ക് ഹൃദയസംബന്ധിയായ അസുഖങ്ങൾ ഇല്ലായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ബ്രിട്ടോയുടെ വയസ്സും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സീന പറയുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ട ബ്രിേട്ടാ അവസാന നിമിഷം ഓക്സിജൻ ലഭ്യമാകുന്ന ആംബുലൻസ് ആവശ്യപ്പെട്ടതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. എന്നാൽ, ഓക്സിജൻ ലഭിക്കാത്ത ആംബുലൻസാണ് എത്തിച്ചതെന്ന് സീന ഭാസ്കർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച മനുഷ്യൻ അവസാന നിമിഷം ഓക്സിജൻ ലഭിക്കാതെ മരിക്കുന്ന അവസ്ഥ താങ്ങാവുന്നതിലും അപ്പുറമാണ്. ബ്രിട്ടോയുടെ എം.എൽ.എ ഫണ്ടിൽനിന്ന് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് പ്രത്യേകം തുക മാറ്റിവെച്ചിരുന്നു. പ്രാണനുവേണ്ടി ഒരുമരം എന്ന ആ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുവർഷം അഞ്ചുലക്ഷം മരങ്ങളാണ് വെച്ചുപിടിപ്പിച്ചത്. താൻ ഉൾപ്പെടെ മരങ്ങൾ നട്ടിട്ടുണ്ട്. കൊച്ചി നഗരത്തിൽ 100 ആൽമരം നട്ടിരുന്നു. മഹാരാജാസ് കോളജിൽ നട്ട ആൽമരം പ്രിൻസിപ്പൽ വെട്ടിമുറിക്കുകയായിരുന്നു.
ചങ്ക് വെട്ടിമാറ്റിയ പോലെയായിരുന്നു ആ സംഭവം. വൈറ്റില ഭാഗത്ത് ഓക്സിജൻ കുറവാണെന്ന് പറഞ്ഞ് അവിടെയും മരങ്ങൾ നട്ടു. ആ മനുഷ്യനാണ് അവസാന നിമിഷം ഓക്സിജൻ കിട്ടാതെ മരിച്ചതെന്നോർക്കുമ്പോൾ വല്ലാത്ത വിഷമമുണ്ട്. കുടുംബസുഹൃത്തുകൂടിയായ മന്ത്രി തോമസ് ഐസക്കിനോട് ഇതേക്കുറിച്ച് സംസാരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും സീന വ്യക്തമാക്കി. എന്നാൽ, ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നും അവസാനദിവസം എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിലെ തെറ്റായ വിവരങ്ങൾ തിരുത്താൻ ആശുപത്രിയുമായി ബന്ധപ്പെടുമെന്നും സീന ഭാസ്കർ പിന്നീട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.