സിൽവർ ലൈൻ ഇപ്പോഴത്തെ രൂപത്തിൽ പ്രായോഗികമല്ല; തന്‍റെ നിർദേശം അംഗീകരിച്ചാൽ കേന്ദ്രാനുമതി വാങ്ങാൻ സഹായിക്കാമെന്ന് ഇ. ശ്രീധരൻ

പാലക്കാട്: സിൽവർ ലൈൻ ഇപ്പോഴത്തെ രൂപത്തിൽ പ്രായോഗികമല്ലെന്നും തന്‍റെ നിർദേശം കേരള സർക്കാർ അംഗീകരിച്ചാൽ കേന്ദ്രാനുമതി വാങ്ങാൻ സഹായിക്കാമെന്നും മെട്രോമാൻ ഇ. ശ്രീധരൻ. അതിവേഗ പാതയെ കുറിച്ചുള്ള തന്‍റെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

സിൽവർ ലൈൻ ഇപ്പോഴത്തെ രൂപത്തിൽ പ്രായോഗികമല്ല. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യം. കുറഞ്ഞ അളവിൽ മാത്രം ഭൂമി എടുത്താൽ വേഗപാത സാധ്യമാകും. ഇന്ത്യൻ റെയിൽവേയോ ഡൽഹി മെട്രോയോ നിർമാണം നടത്തണം.

കേരള സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. കെ.വി തോമസ് താനുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് പദ്ധതി സംബന്ധിച്ച് കുറിപ്പ് നൽകിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണ്. അതിവേഗ റെയിൽപാത സംസ്ഥാനത്തിന് ആവശ്യമാണ്. വികസനത്തിനായി രാഷ്ട്രീയം നോക്കാതെ സഹകരിക്കുമെന്നും ഇ. ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 

സിൽവർലൈൻ പദ്ധതിയിൽ കാര്യമായ മാറ്റം നിർദേശിക്കുന്ന ഇ. ശ്രീധരന്‍റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശ്രീധരൻ ബദൽ റിപ്പോർട്ട് തയാറാക്കിയത്.

സംസ്ഥാന സർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇതില്‍ പറയുന്നത്. നിലവിലെ പാതക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടു പോകാനാണ് കെ. റെയിലിന്റെ നിർദേശം. കേരളത്തില്‍ ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. കെ റെയിലിന്റെ അലൈൻമെന്റിലും അപാകതയുണ്ട്. അതുകൊണ്ട് നിലവിലെ ഡി.പി.ആറില്‍ മാറ്റം വേണം. ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍ നടപ്പാക്കുകയും പിന്നീട് ഹൈസ്പീഡിലേക്ക് മാറുകയും ​വേണമെന്നും റിപ്പോർട്ടില്‍ നിർദേശിക്കുന്നു.

പുതിയ പാതയെ നിലവിലെ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിന് പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - Silver line: E. Sreedharan said that if his proposal is accepted, he will help in getting central permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.