കൊച്ചി: റിജാസ് സോളിഡാരിറ്റി ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചതിന് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസ്. അന്യായമായി സംഘം ചേർന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
യു.എ.പിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൈകോടതി ജങ്ഷനു സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഓപറേഷൻ സിന്ദൂറിനെതിരെ വിമർശനമുന്നയിച്ചതിനാണ് റിജാസിനെ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തത്.
പരിപാടിയില്‍ സിദ്ദീഖ് കാപ്പനായിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്. ഡോ. ഹരി, ഷംസീര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പേര് ചോദിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചെന്നും പൊലീസിന്‍റെ നെയിംപ്ലേറ്റ് തട്ടിപ്പറിച്ചെന്നും പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അഭിഭാഷകൻ പ്രമോദ് പുഴങ്കര, സി.പി. റഷീദ്, സാജിദ് ഖാലിദ്, ബബുരാജ് ഭഗവതി, അംബിക, മൃദുല ഭവാനി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
യു.എ.പിഎ കേസിൽ പ്രതിചേർക്കപ്പെട്ട റിജാസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഏകദേശം 30 പേർ പരിപാടിയിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. ഇവർ പൊതുയോഗം നടത്താൻ അനുമതി വാങ്ങിയിരുന്നില്ല. തുടർന്ന് പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും ചെയ്തു. പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ, പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടെന്നും തുടർന്ന് സമരക്കാരെ ബലമായി സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയുമായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ കാപ്പൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും യോഗം തടയണമെന്നും ആവശ്യപ്പെട്ട് എറണാകുളത്തെ ബി.ജെ.പി നേതാക്കൾ സിറ്റി പൊലീസിന് പരാതി നൽകിയിരുന്നു.
2020 ഒക്ടോബറിൽ ഹാഥ്‌റസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പിഎ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. തുടർന്ന് 2022 സെപ്റ്റംബറിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.