തൊടുപുഴ: മൂന്നാറിലെയും ദേവികുളത്തെയും കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധം ഭയന്ന് പിന്മാറില്ലെന്നും ദേവികുളം സബ്കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. മൂന്നാറില്‍ ഒരുവിധ കൈയേറ്റവും അനുവദിക്കില്ല. കൈയേറ്റം ആരു നടത്തിയാലും തടയും. ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ചിലര്‍ പ്രതിഷേധിച്ചാല്‍ ഭയന്ന് പിന്മാറുന്ന ആളല്ല താൻ. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുക എന്ന റവന്യൂ ഉദ്യോഗസ്ഥെൻറ കടമ നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. ഒരാള്‍ മാത്രം വിചാരിച്ചാല്‍ കൈയേറ്റം അവസാനിപ്പിക്കാനാവില്ല. കൂട്ടായ ശ്രമമാണ് ആവശ്യം.
ബുധനാഴ്ച ദേവികുളത്ത് കൈയേറ്റം തടയാെനത്തിയവരെ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തിട്ടും പൊലീസ് നിഷ്ക്രിയരായി നിന്നു. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ദേവികുളത്ത് സര്‍ക്കാര്‍ ഭൂമിയിലെ ഷെഡ് പൊളിച്ചത് ചെറിയൊരു സംഭവമാണ്. ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. അന്നൊന്നും കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ല. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡ് പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാൽ, റവന്യൂ സംഘത്തിനെതിരെ സംഘടിത നീക്കം പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണ് മുന്‍കൂട്ടി പൊലീസ് സംരക്ഷണം തേടാതിരുന്നത്.
ഒഴിപ്പിക്കല്‍ നടപടിക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ചിരുന്നു. നടപടിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിെൻറ നിര്‍ദേശം. കൈയേറ്റക്കാര്‍ക്കെതിരായ നടപടിക്ക് പൊലീസടക്കം മറ്റു വകുപ്പുകളുടെ പിന്തുണ ലഭിക്കാത്ത സാഹചര്യമുണ്ട്. നിയമം ശക്തമായി നടപ്പാക്കാത്തതാണ് കൈയേറ്റക്കാര്‍ക്ക് സഹായകമാകുന്നത്. മൂന്നാറില്‍ സ്ഥിതി ഗുരുതരമാണ്. പക്ഷേ, ഇച്ഛാശക്തിയുണ്ടെങ്കില്‍ പഴയ മൂന്നാറിനെ വീണ്ടെടുക്കാം. നിയമം നടപ്പാക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. കണ്ണിൽപെടുന്ന തെറ്റുകള്‍ തിരുത്താനാണ് തെൻറ ശ്രമം -ശ്രീറാം നയം വ്യക്തമാക്കുന്നു.
സബ് കലക്ടറായി 2016 ജൂലൈയില്‍ ദേവികുളത്ത് ചുമതലയേറ്റ ശ്രീറാം ഇന്ന് കൈയേറ്റ മാഫിയയുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ്. അനധികൃത ഖനനത്തിനും കൈയേറ്റത്തിനുമെതിരെ മുഖം നോക്കാതെ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍തന്നെ കാരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശ്രീറാം എം.ഡി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് 2013ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വിസിൽ പ്രവേശിച്ചത്. പത്തനംതിട്ട സബ്കലക്ടറായാണ് തുടക്കം. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ പിതാവ് കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ കൂടിയായ ഡോ. പി.ആർ. വെങ്കിട്ടരാമന്‍ എറണാകുളം സെൻറ് ആല്‍ബർട്സ് കോളജില്‍നിന്ന് സുവോളജി പ്രഫസറായി വിരമിച്ചു. അമ്മ രാജം രാമമൂര്‍ത്തി എസ്.ബി.ഐ ഉദ്യോഗസ്ഥയാണ്. സഹോദരി ലക്ഷ്മിയും ഡോക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.