തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടിസ്. പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് (ഡി.എം.ഇ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
ഉപകരണക്ഷാമം സംബന്ധിച്ച് ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണു സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാരിസിനെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഹാരിസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ബോധ്യപ്പെട്ടുവെന്നും ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നുമാണു നോട്ടിസില്‍ പറയുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കാരണം കാണിക്കൽ നോട്ടിസില്‍ ഉള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിട്ടും ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. തെറ്റായ കാര്യം പ്രചരിപ്പിച്ചു സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടലംഘനമാണെന്നും വിവിധ സര്‍ക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടിസില്‍ കുറ്റപ്പെടുത്തുന്നു.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവെക്കേണ്ടി വരികയാണെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ലെന്നും രോഗികളോട് പണം പിരിക്കേണ്ട ഗതികേടാണെന്നുമുള്ള ഡോക്ടറുടെ വെളിപ്പെടുത്തൽ മെഡിക്കൽ കോളജിലെ മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളുടെ പരാധീനതക്കെതിരെയുള്ള ജനകീയ വിചാരണക്ക് വഴി തുറന്നിരുന്നു. യൂറോളജി വിഭാഗത്തിലെ കാര്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുൻകുട്ടി വിവരമറിയിച്ചിരുന്നുവെന്ന് കൂടി ഡോക്ടർ വെളുപ്പെടുത്തിയതോടെ മന്ത്രി ഓഫീസും പ്രതിരോധത്തിലായി.
ഡോക്ടറെ ഒറ്റപ്പെടുത്താനും കടന്നാക്രമിക്കാനുമായിരുന്നു ആദ്യം നീക്കമെങ്കിലും ജനപിന്തുണ വർധിച്ചതോടെ അധികൃതർ നിലപാട് മാറ്റി. ‘ഡോക്ടർ സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് പറയുന്നതിലേക്ക് മന്ത്രിയും മയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉപകരണങ്ങളെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടന്നത്. മാത്രമല്ല, ഡോക്ടറുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്നതിന് ഉന്നതതല സമിതിയെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.