തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യാഴാഴ്ച നടത്തിയത് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനം. 1.24 മിനിറ്റിൽ അവസാനിച്ച ഈ പ്രസംഗത്തിന് മുമ്പുള്ള റൊക്കോഡ് ജ്യോതി വെങ്കിടാചലത്തിന്റെ പേരിലായിരുന്നു. 1982 ജനുവരി 29ന് പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയ നയപ്രഖ്യാപനം നാലു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ സഭ വിട്ടു.
അന്ന് ആറ് മിനിറ്റ് മാത്രമായിരുന്നു സമ്മേളനം നീണ്ടത്. വ്യാഴാഴ്ച സഭാസമ്മേളനം നീണ്ടത് രണ്ട് മിനിറ്റും 45 സെക്കന്ഡും മാത്രം. ഈ വർഷം സെപ്റ്റംബർ അഞ്ചിന് കാലാവധി പൂർത്തിയാക്കാനിരിക്കെ അവസാന നയപ്രഖ്യാപനമാണ് ആരിഫ് മുഹമ്മദ് ഖാൻ തുടക്കവും ഒടുക്കവും മാത്രം വായിച്ച് അവസാനിപ്പിച്ചത്. ഗവർണർമാർ മുമ്പും വിവിധ കാരണങ്ങളാൽ നയപ്രഖ്യാപന പ്രസംഗ ഭാഗങ്ങൾ ഒഴിവാക്കി വായിച്ചിട്ടുണ്ടെങ്കിലും തുടക്കവും ഒടുക്കവും മാത്രം വായിച്ച് അവസാനിപ്പിക്കുന്നത് ആദ്യമാണ്. 1995ൽ ആരോഗ്യ കാരണങ്ങളാൽ അന്നത്തെ ഗവർണർ ബി. രാച്ചയ്യ നല്ലൊരുഭാഗം ഒഴിവാക്കിയാണ് പ്രസംഗം പൂർത്തിയാക്കിയത്. 2002ൽ സുഖ്ദേവ് സിങ് കാങ്ങും തൊട്ടുമുമ്പത്തെ എൽ.ഡി.എഫ് സർക്കാറിനെ വിമർശിക്കുന്ന ഖണ്ഡിക വായിക്കാതെ വിട്ടു
ജസ്റ്റിസ് പി. സദാശിവം കേന്ദ്ര സർക്കാറിനെതിരായ വിമർശനമടങ്ങിയ ഭാഗം വായിക്കാതെ വിട്ടിരുന്നു. 2020 ജനുവരി 29ന് ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വനിയമവുമായി ബന്ധപ്പെട്ട ഭാഗം വ്യക്തിപരമായ വിയോജിപ്പ് അറിയിച്ച ശേഷം മുഖ്യമന്ത്രിയുടെ ആഗ്രഹം പരിഗണിച്ച് വായിക്കുകയായിരുന്നു.
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ ഡൽഹി സമരത്തിനിറങ്ങുമ്പോഴും നയപ്രഖ്യാപനത്തിൽ മൂർച്ച കുറച്ചും മുനയൊടിഞ്ഞും കേന്ദ്ര വിമർശനം. ‘സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനം സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന അസമത്വത്തിൽനിന്ന് ഉത്ഭവിച്ച പണഞെരുക്കമാണെന്ന’ അൽപം നീട്ടിയും മയപ്പെടുത്തിയുമുള്ള പരാമർശമാണുള്ളത്.
ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യൂ കമ്മി ഗ്രാന്റിലെ കുറവും കടമെടുപ്പിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ക്ഷേമ പെൻഷനിലും എൻ.എച്ച്.എമ്മിലുമടക്കം തടഞ്ഞുവെച്ച പണത്തെക്കുറിച്ചു പരാമർശിക്കുന്നില്ല.
വായ്പാപരിധി വെട്ടിക്കുറച്ചത് കാരണം സർക്കാറിന് കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. ഈ നിലപാടിൽ അടിയന്തര പുനഃപരിശോധന ആവശ്യമാണ്. ധനകാര്യ കമീഷനുകൾ അനുവദിക്കുന്ന വിഹിതത്തിൽ വലിയ കുറവാണ് വന്നത്. 10ാംധനകാര്യ കമീഷൻ കാലയളവിൽ (1995-2000) കേന്ദ്ര നികുതി വിഹിതം 3.88 ശതമാനം ആയിരുന്നു. 15ാം കമീഷന്റെ കാലയളവിൽ (2021-2026) ഇത് 1.92 ശതമാനമായി. അർഹതപ്പെട്ട നികുതി വിഹിതം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ശക്തമായ അഭിപ്രായം കേന്ദ്രസർക്കാർ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അർഹതപ്പെട്ട ഗ്രാന്റും സഹായത്തിന്റെ വിഹിതവും തടഞ്ഞുവെക്കുന്നതിനെ സർക്കാർ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
‘മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹികനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഭരണഘടനയുടെ പൈതൃകത്തോട് കാണിക്കുന്ന ബഹുമാനത്തിലാണെന്നുമുള്ള അവസാന ഭാഗത്തെ പരോക്ഷ പരാർമശങ്ങൾ മാത്രമാണ് വിമർശനമായി കണക്കാക്കാനാവുക.
തിരുവനന്തപുരം: വയോജന പരിചരണം, പിന്തുണക്കൽ എന്നീ മേഖലകളിൽ സർക്കാറിന് മാർഗനിർദേശവും നയപരമായ ഉപദേശവും നൽകാനും അവരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുന്നതിന് നയനടപടികൾ നിർദേശിക്കാൻ വയോജന കമീഷൻ രൂപവത്കരിക്കും. മറ്റ് പ്രഖ്യാപനങ്ങൾ:
തിരുവനന്തപുരം: ഐ.ടി പാർക്കുകളുടെ വികസനത്തിന് നയപ്രഖ്യാപനത്തിൽ പരാമർശം. 21 ദശലക്ഷം ചതുരശ്രയടി സ്ഥലമുള്ള ഐ.ടി പാർക്കുകളിൽ ആറു ദശലക്ഷം ചതുരശ്രയടി മൂന്നു വർഷത്തിനകം കൂട്ടിച്ചേർക്കും. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയുടെ സോഫ്റ്റ്വെയർ കയറ്റുമതി വർധിച്ച് 20,921 കോടി രൂപയിലെത്തി. കണ്ണൂരിലും കൊല്ലത്തും പുതിയ ഐ.ടി പാർക്കുകളുടെ നടപടി വേഗത്തിലാക്കും. നിർമിതബുദ്ധി, മെറ്റീരിയൽ സയൻസ്, സ്പേസ്-ടെക് പോലുള്ള മേഖലകൾക്ക് അനുസൃതമായി പുതിയ ഐ.ടി നയം രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.