കെ.പി.ശശികല ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം, കെ.പി.ശശികല
കോഴിക്കോട്: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ അഭിഭാഷകൻ ചെറിപ്പെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. രാവിലെ മുതൽ കുടിവെള്ളം പോലും കിട്ടാതെ മണിക്കൂറുകൾ കാത്തുനിന്ന് കേസ് വിളിച്ചാൽ മുഖത്തു പോലും നോക്കാതെ അടുത്ത ഡേറ്റ് വിളിച്ചുപറയുമ്പോൾ വായ ചൊറിഞ്ഞുവരാറുണ്ടെന്നും നിയന്ത്രിച്ചല്ലേ പറ്റൂവെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
കോടതി ബഹുമാനിക്കപ്പെടേണ്ട സ്ഥാപനമാണ്. ഈ ഷൂസ് പറന്നത് ന്യായീകരിക്കുന്നില്ല. അന്തം കമ്മിയായ ഒരു നാവിനു നേരെയല്ല ആ ഷൂസു പറക്കുന്നത് പവിത്രമായ ഒരു ഇരിപ്പിടത്തിനു നേരെയാണെന്നും ശശികല പറഞ്ഞു.
ഒരു കൊച്ചു പെൺകുട്ടി മജിസ്ട്രേറ്റിന്റെ കസേരയിലിരുന്ന് കോടതിക്കകത്ത് പെരുമാറിയ വിധം കണ്ടാൽ ഞാൻ ആ സീറ്റിനെ ബഹുമാനിച്ചില്ലായിരുന്നെങ്കിൽ തന്റെ ചെരിപ്പിനും ചിറകു മുളച്ചേനെയെന്നും 35 വർഷം കോടതി സ്റ്റാഫായിരുന്ന തന്റെ അച്ഛനെ ഓർത്തും ഒപ്പം തന്റെ ജനാധിപത്യ മര്യാദയുമാണ് പിന്തിപ്പിച്ചതെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
"കോടതി ബഹുമാനിക്കപ്പെടേണ്ട സ്ഥാപനമാണ് . നൈമിഷിക വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കേന്ദ്രമല്ല അത്
രാവിലെ ചെന്ന് കാവൽ നിന്ന് ഇരിക്കാൻ പോലും സ്ഥലമില്ലാതെ കുടിവെള്ളമില്ലാതെ മണിക്കൂറുകൾ കാത്തുനിന്ന് കേസുവിളിച്ചാൽ മുഖത്തു പോലും നോക്കാതെ അടുത്ത Date വിളിച്ചു പറയുമ്പോൾ വായ ചൊറിഞ്ഞുവരാറുണ്ട്. പക്ഷേ നിയന്ത്രിച്ചല്ലേ പറ്റു.
ഒരു കൊച്ചു പെൺകുട്ടി മജിസ്ട്രേറ്റിൻ്റെ കസേരയിലിരുന്ന് ഒരു രാഷ്ട്രീയ നേതാവിനു വേണ്ടി ഞാൻ അന്യായം ഫയൽ ചെയ്ത ഒരു കേസിൻ്റെ വിചാരണഘട്ടത്തിൽ എന്നോട് പെരുമാറിയത് തികച്ചും അനുചിതമായ വിധത്തിലായിരുന്നു.
ആ രാഷ്ട്രീയ നേതാവ് ഞാനില്ലാത്ത ഒരു ചർച്ചയിൽ എൻ്റെ പേരു പരാമർശിച്ച് വിഷജന്തു.... എനിക്ക് അറപ്പാണ് എന്ന് ചിറി കോട്ടി പറഞ്ഞതിൻ്റെ വീഡിയോയും ലിങ്കും ഒക്കെ നമ്മുടെ കൈയ്യിലുണ്ടായിട്ടും അതൊന്നും കാണാൻ കൂട്ടാക്കാതെ ആ മഹതി എന്നോട് കോടതിക്കകത്ത് പെരുമാറിയ വിധം കണ്ടാൽ ഞാൻ ആ സീറ്റിനെ ബഹുമാനിച്ചില്ലായിരുന്നെങ്കിൽ എൻ്റെ ചെരിപ്പിനും ചിറകു മുളച്ചേനെ. സത്യം (മനസ്സിൽ ഒരായിരം വട്ടം ഞാനത് ചെയ്തിട്ടുണ്ടാകും.)
പക്ഷേ 35 വർഷം കോടതി സ്റ്റാഫായിരുന്ന എൻ്റെ അച്ഛനെ ഓർത്ത് ഒപ്പം എൻ്റെ ജനാധിപത്യ മര്യാദകൊണ്ട് എനിക്ക് ക്ഷമിച്ചേ മതിയാകുമായിരുന്നുള്ളു. ഈ ഷൂസ് പറന്നത് ന്യായീകരിക്കാൻ ഒരിക്കലും കഴിയില്ല
അന്തമില്ലാത്ത അല്ലെങ്കിൽ അന്തം കമ്മിയായ ഒരു നാവിനു നേരെയല്ല ആ ഷൂസു പറക്കുന്നത് പവിത്രമായ ഒരു ഇരിപ്പിടത്തിനു നേരെയാണ്. ഇരിക്കുന്നവർക്ക് ആ പദവിയുടെ മഹത്വം അറിയണമെന്നത് നമ്മുടെ ആഗ്രഹം മാത്രമാണ്.
നീ നിൻ്റെ ദൈവത്തോട് പോയി പറ , നിൻ്റെ ദൈവത്തിന് പറ്റുന്നില്ലെങ്കിൽ വേറെ ദൈവത്തോട് പോയി പറ " എന്നത് എത് നിയമമനുസരിച്ചാണ് ഒരു ന്യായാധിപൻ പറയുന്നത് എന്ന് ഏതു വക്കീലിനാണ് പറഞ്ഞു തരാൻ സാധിക്കുക. എന്നാലും 'കോടതി പരിപാവനമാണ്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.