തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ അറസ്റ്റുകളിൽ തന്നെ ഉരുണ്ടും ഉത്തരംമുട്ടിയും പ്രതിരോധത്തിൽ തുടരുന്ന സി.പി.എമ്മിനെ പിടിച്ചുലക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ പുതിയ നീക്കങ്ങൾ. കല്ലും നെല്ലും തിരിച്ചറിഞ്ഞില്ലെങ്കിലും മുൻ ദേവസ്വം മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായി കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തതും മൊഴി രേഖപ്പെടുത്തിയതും സൃഷ്ടിക്കുന്ന സംശയ സാഹചര്യം പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ പ്രതിസന്ധി തന്നെയാണ്.
അതേസമയം, മുൻ ദേവസ്വം മന്ത്രി എന്ന നിലയിൽ 2016 മുതൽ 2019 വരെയുള്ള കാലയളവിലെ കാര്യങ്ങളാണ് എസ്.ഐ.ടി ചോദിച്ചതെന്നും ആരെയും കുറ്റപ്പെടുത്താനോ പഴിചാരാനോ ശ്രമിച്ചിട്ടില്ലെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നുമാണ് കടകംപള്ളിയുടെ വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ പരാജയത്തിന് പ്രധാനകാരണമെന്ന് വിലയിരുത്തുന്ന സ്വർണക്കൊള്ള വിവാദം എങ്ങനെയും നിശ്ശബ്ദമാക്കി ചർച്ചകളിൽ നിന്ന് തലയൂരാൻ വിയർക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് എസ്.ഐ.ടിയുടെ നീക്കങ്ങളോരോന്നും നെഞ്ചിൽ തറക്കുന്ന അമ്പുകളാവുകയാണ്. അറസ്റ്റ് പോയിട്ട്, മുതിർന്ന നേതാവിൽ നിന്ന് മൊഴിയെടുക്കുന്നത് പോലും വലിയ ചർച്ചയാകുന്നത് സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നു. തെറ്റുതിരുത്താനും ജനവിശ്വാസമാർജിക്കാനും പാർട്ടിയും മുന്നണിയും മുന്നിട്ടിറങ്ങുന്ന പശ്ചാത്തലത്തിൽ വിശേഷിച്ചും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എസ്.ഐ.ടിക്ക് മേൽ സമ്മർദം ചെലുത്തുകയും കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്തുവെന്ന ഗുരുതര വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വർണക്കൊള്ളയിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും മുൻ എം.എൽ.എ അടക്കം മൂന്ന് സി.പി.എം നേതാക്കൾ ജയിലില്‍ കിടക്കുന്നകാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നീക്കങ്ങൾ.
അറസ്റ്റ് ചെയ്തവരുടെ കാര്യത്തിൽ കുറ്റപത്രം സമർപ്പിക്കാതെ പാർട്ടി നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് സി.പി.എം. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ രണ്ട് ദിവസങ്ങളിലായി ചേർന്ന സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യമാണ് ആവർത്തിച്ചത്. സ്വർണക്കൊള്ള വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന കാര്യത്തിലും കൃത്യമായ മറുപടി പാർട്ടി സെക്രട്ടറിക്കില്ല.
അതേസമയം, സി.പി.എം നിലപാടുകളെ തള്ളുകയാണ് സി.പി.ഐ. സ്വർണക്കൊള്ളയിൽ പത്മകുമാറിനെ സി.പി.എം സംരക്ഷിച്ചത് തിരിച്ചടിയായി എന്നാണ് സി.പി.ഐ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.