ആലുവ: ബലിതര്‍പ്പണം 18 ന് രാത്രി വൈകി ആരംഭിച്ച് 19 ന് ഉച്ചവരെ. ബലിതര്‍പ്പണവും ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ഡോ. രേണു രാജ് ആലുവ മണപ്പുറം സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടവും പോലീസും ഫയര്‍ ഫോഴ്‌സ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ ബാരിക്കേഡ് സ്ഥാപിക്കലും ശുചീകരണവും പുരോഗമിക്കുകയാണ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവയുടെ ക്രമീകരണങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കും ക്രമീകരണം.
സുരക്ഷയ്ക്കായി 1000 പോലീസുകാരെ വിന്യസിക്കുമെന്ന് റൂറല്‍ എസ്.പി. അറിയിച്ചു. ഫയര്‍ ഫോഴ്സിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. പ്രധാന എട്ട് പോയിന്റുകളില്‍ ആംബുലന്‍സ് സേവനമുണ്ടാകും. മെഡിക്കല്‍ ടീമും സ്ഥലത്തുണ്ടാകും.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധനാ ലാബുകള്‍ ക്രമീകരിക്കും. ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി 210 അധിക സര്‍വീസുകള്‍ നടത്തും. ടാക്സി വാഹനങ്ങള്‍ അമിത കൂലി ഈടാക്കുന്നത് തടയുന്നതിനായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടുണ്ട്.
ജനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും രംഗത്തിറങ്ങും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യും.
ക്ഷേത്രം ഭാരവാഹികളുടെ യോഗം നേരത്തേ ചേര്‍ന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസുമായി ചര്‍ച്ച ചെയ്ത് വിലയിരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സുനില്‍ മാത്യു, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.