ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

ആലുവ: ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. മണപ്പുറം ശിവക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിച്ചു. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ചേന്നാസ്​ മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടുമാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.ബലിതർപ്പണത്തിനും  ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

രാവിലെ മുതൽ എത്തിയ ഭക്തർ ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തുന്നുണ്ട്. ഉച്ചമുതലായിരിക്കും കൂട്ടമായി ഭക്തർ മണപ്പുറത്തേക്കെത്തുക. സന്ധ്യ കഴിയുന്നതോടെ തിരക്ക് കൂടും. നഗരത്തിലെത്തുന്നവർക്ക് സ്​ഥിരം നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് കടക്കാൻ കഴിയും. ബലിതർപ്പണം നടത്തുന്ന പെരിയാർ തീരത്ത് അപകടമുണ്ടാകാതിരിക്കാൻ പുഴയിൽ മണൽ ചാക്കുകൾ നിരത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും വിപുലമായ സംവിധാനങ്ങളുണ്ട്. ഒരേസമയം 14000 ലിറ്റർ വെള്ളം സ്​റ്റോക്കുണ്ടാകും. നഗരസഭയുടെ അധീനതയിലുള്ള മണപ്പുറത്തും നഗരത്തിലും വിപുലമായ സൗകര്യങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. തിരക്കേറിയ ഭാഗങ്ങളിൽ ബാരിക്കേട് കെട്ടി തിരിച്ചിട്ടുണ്ട്.

നേവിയുടെ മുങ്ങൽ വിദഗ്ധർ മണപ്പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൂർവ്വികർക്ക് ബലിതർപ്പണം നടത്തുന്നതിനായി പതിനായിരങ്ങളാണ്  ആലുവ മണപ്പുറത്തേക്ക് ഒഴുകിയത്തുക. പിതൃതർപ്പണത്തിന് വിശ്വാസികൾക്കിടയിൽ ഏറെ പേരുകേട്ട സ്​ഥലമാണ് പെരിയാർ തീരത്തെ ആലുവ മണപ്പുറം. സംസ്​ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ബലിതർപ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. അതിനാൽ തന്നെ സംസ്​ഥാനത്തിൻറെ നാനാ ദിക്കുകളിൽ നിന്നും ഭക്തർ ആലുവയിലേക്ക് ഇന്ന് എത്തിച്ചേരും.

സംസ്​ഥാനത്തിൻറെ  വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആലുവ നഗരസഭ,  എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്നാഴ്ച നീണ്ട് നിൽക്കുന്ന വ്യാപാരമേള നടക്കും. ഇക്കൊല്ലവും സാംസ്​കാരിക പരിപാടിയായ ദൃശ്യോൽസവവും നടക്കും. 

ക്രമസമാധാനപാലനത്തിനായി റൂറൽ എസ്​.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ്​ സന്നാഹം നഗരത്തിലും മണപ്പുറത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. 10 ഡിവൈ.എസ.പിമാർ, 50 ഓളം സി.ഐ.മാർ, നൂറോളം എസ്‌.ഐമാർ എന്നിവർക്ക് പുറമേ 1500 പോലീസുകാരും ഉണ്ട്. സ്​ത്രീകളുടെ സുരക്ഷക്കായി വനിതാ പോലീസുകാരുമുണ്ടാകും.തിരക്ക് കൂടിയ ഭാഗങ്ങളിൽ നിരീക്ഷണത്തിന്  ക്ളോസ്​ഡ് സർക്യൂട്ട് ക്യാമറകൾ സ്​ഥാപിച്ചിട്ടുണ്ട്. കൂടാതെ വാച്ച് ടവറുകളും പ്ളാറ്റ് ഫോമുകളും തയ്യാറാക്കിയിട്ടുണ്ട്.
 

Full View
Tags:    
News Summary - shivaratri 2018 -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.