അച്ഛനു പിന്നാലെ അമ്മയും പോയി; സങ്കടക്കടലിൽ ശിവപ്രിയ
കാക്കനാട്: അച്ഛനു പിന്നാലെ അമ്മയും മരിച്ചതോടെ ജീവിതത്തിെൻറ കരയിൽ എട്ടു വയസ്സുകാരി ഒറ്റക്കായി. കാക്കനാട് അത്താണി മലയിൽപറമ്പ് വീട്ടിൽ ശിവപ്രിയയാണ് കണ്ണീർ കാഴ്ചയായത്. ശിവപ്രിയയുടെ അമ്മ സിന്ധു ബാബു (46) ചൊവ്വാഴ്ച വൈകീട്ടാണ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മയുടെ സംസ്കാരത്തിന് ശേഷം മടങ്ങിയെത്തിവരുടെ വിങ്ങലായിരുന്നു പട്ടയമില്ലാത്ത ആറ് സെൻറ് ഭൂമിയിലെ കൊച്ചു കൂരക്ക് മുന്നിൽ സങ്കടം കടിച്ചമർത്തി നിൽക്കുന്ന ശിവപ്രിയയുടെ ചിത്രം.
കാക്കനാട് എൽ.പി.എസിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ശിവപ്രിയ മാതാവ് സിന്ധുവിനും അമ്മൂമ്മ മറിയക്കുമൊപ്പമായിരുന്നു താമസം. ആറു വർഷം മുമ്പ് അച്ഛൻ ബാബു കലമ്പൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
വീട്ടുജോലികൾ ചെയ്താണ് മകളെയും കിടപ്പിലായ ഭർതൃമാതാവിനെയും സിന്ധു നോക്കിയിരുന്നത്. അതിനിടെയാണ് കോവിഡ് ബാധിച്ചത്. രണ്ടാഴ്ചയോളം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് രോഗം മൂർച്ഛിക്കുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ അത്താണി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
പട്ടയം ഇല്ലാത്ത ഭൂമി ആയതിനാൽ നേരത്തേ സർക്കാർ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിന് പിന്നാലെ ഏക അത്താണിയും നഷ്ടപ്പെട്ടതോടെ ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കുകയാണ് ഈ എട്ടു വയസ്സുകാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.