കൊച്ചി: ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ഇന്ന് പൊലീസിൽ ഹാജരായേക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് ഇന്നലെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഷൈൻ മൂന്ന് മണിക്ക് ഹാജരാകുമെന്ന് പിതാവ് പൊലീസിനെ അറിയിച്ചതായാണ് വിവരം.
സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ഷൈനെ ചോദ്യം ചെയ്യുക. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തെ വീട്ടിലെത്തിയ എറണാകുളം ടൗൺ നോര്‍ത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഷൈനിന്‍റെ പിതാവ് ചാക്കോക്കാണ് നോട്ടീസ് കൈമാറിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് അറിയിക്കുകയായിരുന്നു. '10 വർഷം കേസ് നടത്തിയ പരിചയമുണ്ട്. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല' എന്നാണ് പിതാവ് പ്രതികരിച്ചത്.
അതേസമയം, നടി വിന്‍സി അലോഷ്യസിന്‍റെ പരാതിയിൽ അന്വേഷണം നടത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) മുമ്പില്‍ ഷൈന്‍ തിങ്കളാഴ്ച ഹാജരാകും. ചലച്ചിത്ര താരസംഘടനയായ അമ്മയും ഷൈനിനോട് വിശദീകരണം തേടാനിരിക്കുകയാണ്.
അതിനിടെ, ഷൈൻ ടോം ചാക്കോ അടക്കം എട്ട് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസും തുടങ്ങിയിട്ടുണ്ട്.
മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്ച രാത്രി 10.45ഓടെ ഡാന്‍സാഫ് സംഘം കലൂരിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല.
തുടർന്ന് ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ മുറിയെടുത്തതായി പ്രത്യേക സംഘം കണ്ടെത്തി. ഇതിന് പിന്നാലെ ഷൈനെ കാണാനായി മുറിക്ക് മുമ്പിലെത്തി. എന്നാൽ, ഡോർ കാമറയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട ഷൈൻ മുറിയുടെ ജനാല വഴി സിമ്മിങ് പൂളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഷൈൻ താമസിച്ച മുറിയുടെ വാതിൽ തുറന്നത്. ഷൈനിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
മുറിയിൽ നിന്ന് ജനാല വഴി ചാടിയ ഷൈൻ രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.