കൽപറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഏഴാം തീയതി പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്.
അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുള്ള നിർദേശങ്ങളും സംഘം നല്‍കി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന്‍ ഡ്രൈവ് നടക്കുന്നു.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അഭ്യർഥിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.