പി.എം ശ്രീയിൽ വ്യക്തത വരുത്താതെ മുഖ്യമന്ത്രി; എതിർത്തത് രഹസ്യമായി ഒപ്പുവെച്ച നടപടിയെയെന്ന്

തിരുവനന്തപുരം: പി.എം.ശ്രീയിൽ ഉരുണ്ട് കളിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തയില്ലാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്.

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുന്നണി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്നും, വിഷയം വിശദമായി പഠിച്ച ശേഷം മാത്രമേ മുന്നണി നിലപാട് പ്രഖ്യാപിക്കൂ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ലേബർ കോഡ്, പി.എം ശ്രീ, പി.എം.എ വൈ എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലും യു.ഡി.എഫ് സർക്കാർ കൃത്യമായ പഠനത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് കടക്കൂ. മുമ്പ് പി.എം ശ്രീ പദ്ധതിയിൽ ഒരു കാരണവശാലും പങ്കുചേരില്ലെന്ന് നിരന്തരം പ്രഖ്യാപിച്ചവരാണ് മുൻ ഇടതുപക്ഷ സർക്കാരെന്നും എന്നാൽ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും ഇരുട്ടിൽ നിർത്തിയാണ് അവർ കരാറിൽ ഒപ്പുവെച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

‘മന്ത്രിസഭായോഗത്തിൽ അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇരിക്കുമ്പോൾ, ഇതിൽ ഒപ്പുവെക്കരുതെന്ന് സി.പി.ഐ മന്ത്രിമാർ ആവേശത്തോടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്നാൽ അതിനോടകം തന്നെ രഹസ്യമായി ഒപ്പുവെച്ചു കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അന്ന് മിണ്ടിയില്ല. സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാതെയും അനുമതി വാങ്ങാതെയുമാണ് അന്നത്തെ സർക്കാർ കരാറിൽ ഒപ്പിട്ടത്. ആ വഞ്ചനയെയാണ് ഞങ്ങൾ അന്ന് ചോദ്യം ചെയ്തത്’ വി.ഡി. സതീശൻ പറഞ്ഞു.

ഒരു വ്യക്തിയല്ല, മറിച്ച് ‘ഗവൺമെന്റ് ഓഫ് കേരള’ ആണ് ആ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഭരണതലത്തിൽ ആളുകൾ മാറിയെങ്കിലും ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരും ആ നിയമപരമായ ബാധ്യതകളുടെ തുടർച്ചയിലാണ്.

അതിനാൽ പദ്ധതിയിൽ അടങ്ങിയിരിക്കുന്ന നിയമപരമായ വശങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഈ ലീഗൽ പൊസിഷൻ പൂർണ്ണമായി പഠിക്കാതെ സർക്കാരിന് പെട്ടെന്നൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - CM VD Satheesan Evades Clarity on PM SHRI; Says UDF Yet to Take Final Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.