ആനപ്പേടിയിൽ ഉറങ്ങാത്ത ഒരു നാട്​

തൊടുപുഴ: കൺമുന്നിൽ കാട്ടാനയുടെ കാൽക്കീഴിൽ അമ്മ പിടഞ്ഞ്​ മരിക്കുന്നത്​ കാ​ണേണ്ടി വന്ന മക്കൾ... അച്​ഛന്‍റെ മരണത്തിന്​ പിന്നാലെ അമ്മയും കൂടി നഷ്ടപ്പെട്ടതോടെ ഇരുവരും വലിച്ചെറിയപ്പെട്ടത് അനാഥത്വത്തിലേക്ക്​ കൂടിയാണ്​​​​. ​കുട്ടികളുടെ ഉത്തരവാദിത്തം വനംവകുപ്പ്​ ഏറ്റെടുത്തെന്ന്​ അറിയിച്ചെങ്കിലും ഇനിയും ഈ കാട്ടാനപ്പടക്ക്​​ മുന്നിൽ ഞങ്ങളെത്ര പേരുടെ ജീവൻ കൂടി ബലി കൊടു​ക്കേണ്ടി വരുമെന്നാണ്​ പ്രദേശവാസികളുടെ ചോദ്യം.

തിങ്കളാഴ്ച രാവിലെ മക്കളായ രക്​ഷാൻ, രക്ഷിണ എന്നിവരെ സ്കൂളിലേക്ക്​ ​ബസ്​ കയറ്റിവിടാൻ പോകു​മ്പോഴാണ്​​ സൂര്യനെല്ലി സിങ്കുകണ്ടത്ത്​ മാരി എന്ന യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെടുന്നത്​. പ്രദേശത്തെ കാട്ടാനകളുടെ ഒടുവിലത്തെ ഇരകളാണ്​ ഇവർ. പരിക്കേറ്റും അംഗഭംഗം വന്നും കഴിയുന്നവർ നിരവധി​.

ചക്ക കൊമ്പൻ ഉൾപ്പെടെ 18 കാട്ടാനകളാണ് ശാന്തൻപാറ, ചിന്നക്കനാൽ ​മേഖലകളിലായി വിഹരിക്കുന്നത്​. 40 പേരോളം കാട്ടാനയുടെ കലിയിൽ ജീവൻ പൊലിഞ്ഞതായി നാട്ടുകാർ എണ്ണിപ്പറയുന്നു. കാട്ടാനകൾ പതിവായി ഇറങ്ങുന്ന പ്രദേശത്തെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴങ്ങുകയാണ്​ വനം വകുപ്പും. ഇത്രയധികം കാട്ടാനകളെ മേഖലയിൽ നിന്ന്​ തുരത്തുക എളുപ്പമല്ല എന്നതാണ്​ വെല്ലുവിളി​.

കർഷകരും തോട്ടം തൊഴിലാളികളുമാണ്​ ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും. ഒട്ടേറെ വീടുകളും കടകളും കാട്ടാനയുടെ താണ്ഡവത്തിൽ ഇതിനകം പ്രദേശത്ത്​ തകർന്ന്​ വീണിട്ടുണ്ട്​​. ചിന്നക്കനാലിലെ ജനവാസ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ നാടു കടത്തിയപ്പോൾ കാട്ടാനശല്യം കുറയുമെന്നാണ്​ കരുതിയതെങ്കിലും ഇപ്പോഴും മേഖല അശാന്തിയുടെ താഴ്വാരമാണ്​.

നാടുകടത്തിയ അരിക്കൊമ്പൻ മാത്രം 11 പേരെ കൊന്നതായാണ്​ കണക്കുകൾ. രാത്രികാലങ്ങൾ ആനകളെ പേടിച്ച്​ പുറത്തിറങ്ങാൻ കഴിയാത്ത പല പ്രദേശങ്ങളും ഈ പഞ്ചായത്തുകളിൽ ഉണ്ട്​. ആനയെ ​പേടിച്ച് പലരും​ സ്വന്തം വീടുകൾക്ക്​ മുകളിൽ ഷെഡ്​ കെട്ടി അതിൽ താമസിക്കുന്നു. രാവിലെ ജോലിക്ക്​ പോകുന്ന തോട്ടം തൊഴിലാളികുളം കർഷകരും ആദിവാസി തൊഴിലാളികളുമാണ്​ കാട്ടാനയുടെ ആക്രമണത്തിനിരയാകുന്നതിൽ ഭൂരിഭാഗവും​. ഇവരാകട്ടെ അന്നന്നുള്ള ജീവിതം മുന്നോട്ട്​ കൊണ്ടുപോകാൻ പെടാപ്പാട്​ പേറുന്നവരാണ്​.

മാരിയുടെ ഭർത്താവ്​ രാജ ഒരുവർഷം മുമ്പ്​ അസുഖബാധിതനായാണ്​ മരണപ്പെട്ടത്​​. മാരിയുടെ മാതാവിന്‍റെ പേരിലുള്ളതാണ്​ വീടിരിക്കു​ന്ന സ്ഥലം. സ്വന്തമായി ഒരു തുണ്ട്​ ഭൂമിപോലുമില്ല. ഭർത്താവിന്‍റെ മരണത്തോടെ കൂലിപ്പണിയെടുത്താണ്​ മാരി കുട്ടികളെ നോക്കിയിരുന്നത്​. വന്യമൃഗശല്യവും യാത്ര സൗകര്യമില്ലാത്തതും മൂലം പല കുട്ടിങ്ങളും പ്രദേശത്ത്​ പഠനം നിർത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്​. എന്നാൽ, മക്കൾ നന്നായി പഠിക്കണമെന്നും എ​ന്നാലേ ഇവിടെ നിന്ന്​ രക്ഷപ്പെടാൻ കഴിയൂ എന്നും മാരി മക്കളോട്​ പറഞ്ഞിരുന്നു.

കൺമുന്നിൽ നടന്ന അപകടം കുട്ടികളിലുണ്ടായ ഞെട്ടൽ വലുതാണ്​. അക്രമം കഴിഞ്ഞ്​ ആനകൾ വനത്തിലേക്ക്​ നീങ്ങിയപ്പോഴും മകൾ രക്ഷണ അവിടെ തന്നെ സ്തംഭിച്ചു നിൽക്കുന്നതാണ്​ കണ്ട​തെന്ന്​ ഓടിയെത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞിരുന്നു. കാട്ടാനയുടെ ആക്രമണം നടന്നശേഷം ഇതുവഴി സ്കൂൾ കുട്ടികളടക്കമുള്ളവർക്ക്​ പോകാൻ പേടിയാണ്​.

കാട്ടാന കൂട്ടം റോഡിലിറങ്ങി എന്ന മെസേജ്​ കണ്ടാൽ ആ ദിവസം കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ വിടില്ല. ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നത്​ തടയാൻ നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ഇനിയും കാട്ടാനകളുടെ കാൽചുവട്ടിൽ ഇവിടങ്ങളിൽ ജീവനുകൾ പൊലിയുമെന്ന്​ പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Fear of Wild Elephants Keeps Local Residents Awake at Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.