സലിം കുമാറിനെതിരായ സൈബർ ആക്രമണം കേരളത്തിന് യോജിക്കാത്തത്, വെന്റിലേറ്ററിൽ കിടക്കുമ്പോൾപോലും ‘ഇയാൾക്ക് ചത്തുകൂടേ’ എന്നാണ് ചോദിച്ചത് -മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.

സലിം കുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ പോലും ‘ഇയാൾക്ക് ചത്തുകൂടേ’ എന്ന് ചോദിച്ച ക്രൂരമായ മനസ്സുകൾ നമുക്കിടയിലുണ്ടെന്നത് വല്ലാത്തൊരു അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ ഓൺലൈൻ മാധ്യമങ്ങൾ സൃഷ്ടിച്ച തിക്കുംതിരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സലിം കുമാറിന്റെ വിയോഗത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ വളരെ മോശമായ പ്രചാരണങ്ങളാണ് നടന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു കലാകാരന് രാഷ്ട്രീയമുണ്ടെന്നതിന്റെ പേരിൽ അദ്ദേഹം മരണക്കിടക്കയിൽ കിടക്കുമ്പോൾ ഇത്തരമൊരു പ്രചാരണം നടത്തുന്നത് കേരളീയ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. മലയാളികളെ ഒന്നിച്ച് ചിരിപ്പിച്ച, എല്ലാവർക്കും പ്രിയപ്പെട്ട ഒരു നടനെതിരെ എന്തും പ്രചരിപ്പിക്കാമെന്ന അവസ്ഥ ഖേദകരമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്കാര ചടങ്ങുകൾക്കിടയിൽ പൊലീസിന് പോലും കൃത്യമായി ഔദ്യോഗിക ബഹുമതികൾ നൽകാൻ കഴിയാത്ത വിധം തിക്കുതിരക്ക് ഉണ്ടാക്കി. കുടുംബാംഗങ്ങൾക്ക് അവരുടെ അവസാന കർമങ്ങൾ സമാധാനത്തോടെ ചെയ്യാൻ പോലും അനുവദിക്കാത്ത സ്ഥിതിയായിരുന്നു. അതുകൊണ്ടാണ് ഞാൻ തന്നെ നേരിട്ട് ഇടപെട്ട് ദേഷ്യപ്പെടേണ്ടി വന്നത്. മാധ്യമങ്ങളോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും കുടുംബത്തിന് ആ കർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു’-മുഖ്യമന്ത്രി വൈകാരികമായി വ്യക്തമാക്കി.

രാഷ്ട്രീയപരമായ വിയോജിപ്പുകളുടെ പേരിൽ ഒരാൾ മരണത്തോട് മല്ലടിക്കുമ്പോൾ മനുഷ്യത്വം മറന്ന് ക്യാമ്പയിൻ നടത്തുന്ന രീതി കേരളം തിരിച്ചറിയുമെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു.

മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളിൽ ചില ചില ഓൺലൈൻ മാധ്യമങ്ങൾ അതിരുകടന്ന പെരുമാറിയിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ മകനും നടനുമായ ചന്തു രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പിതാവിന്റെ അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ സ്വകാര്യത നൽകാതെ കാമറകളുമായി തിക്കിത്തിരക്കിയ ഓൺലൈൻ മാധ്യമപ്രവർത്തകരോടും ജനക്കൂട്ടത്തോടുമാണ് ചന്തു ദേഷ്യപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെയുള്ളവർ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു

. ഇതിനിടയിലാണ് സഹികെട്ട് ചന്തു എല്ലാവരോടും ദേഷ്യത്തോടെ പുറകോട്ട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ‘എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?' എന്ന് ചന്തു ചോദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണ് നിറയിക്കുന്നതായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന പ്രമുഖരും സുഹൃത്തുക്കളും ചേർന്നാണ് ചന്തുവിനെ ആശ്വസിപ്പിച്ചത്. സംസ്കാര ചടങ്ങിനിടെയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Tags:    
News Summary - CM VD Satheesan Slams Cyber Attack on Salim Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.