കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്കുള്ള സൗജന്യ യാത്ര 'പ്രിയദർശിനി'; സൗകര്യം 15 മുതൽ ഓർഡിനറി ബസുകളിൽ മാത്രം

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര 'പ്രിയദർശിനി' എന്ന പേരിൽ ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വരുമാന, പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ആനുകൂല്യം.

പദ്ധതി നടപ്പാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. 65-70 കോടി രൂപയാണ് ഇതിന് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടിവരിക. നിലവിൽ ശമ്പളം അടക്കമുള്ള കാര്യങ്ങൾക്കായി കെ.എസ്.ആർ.ടി.സിക്ക് 1500 കോടി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലബാറിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവാണ് എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം പ്രത്യേകം പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മലബാറിൽ മൊത്തം യാത്രയുടെ 28 ശതമാനം മാത്രമാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ മാസവും പദ്ധതി അവലോകനം ചെയ്യും. ഒരോ ജില്ലകളിൽ നിന്നുമുള്ള കണക്ക് ഇതിൽ പരിശോധിക്കും. ശേഷം അപാകതകൾ പരിഹരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. പരസ്യങ്ങളിലൂടെ അടക്കം ആറുമാസത്തിനകം കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. 

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്കു സൗജന്യ യാത്ര അനുവദിക്കാൻ വി.ഡി സതീശന് മന്ത്രി സഭയുടെ ആദ്യയോഗത്തിൽ തീരുമാനമെടുത്തിരുന്നു. മലബാറിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് കുറവായതിനാൽ സൂപ്പർ ഫാസ്റ്റ് ബസ്സുകളിലും ആനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 750-800 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും.

Tags:    
News Summary - Free travel for women in KSRTC ordinary buses from 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.