തിരുവനന്തപുരം: വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫിസിൽ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിനെതിരെ പ്രതിഷേധം.
വനം-വന്യജീവി വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയെ നിർണായക പദവിയിൽ നിയമിച്ച വനം മന്ത്രിയുടെ നടപടി കേരളത്തിലെ വനം-പരിസ്ഥിതി ഭരണസംവിധാനത്തിന്റെ നിഷ്പക്ഷതയെയും പൊതുജന വിശ്വാസത്തെയും കൊഞ്ഞനം കുത്തുന്നതാണെന്ന് ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കർഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും കൂട്ടായ്മയായ ‘'കോ എക്സിസ്റ്റൻസ് കളക്ടീവ് കേരള’ ആരോപിച്ചു. സിജുമോനെ അടിയന്തരമായി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബഫർ സോൺ, വനാതിർത്തി നിർണ്ണയം, വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ വനംവകുപ്പിനും സർക്കാരിനുമെതിരെ നിരന്തരം സമരങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്ത ചരിത്രമുള്ളയാളാണ് സിജുമോൻ ഫ്രാൻസിസ്. വനംവകുപ്പിനെ പ്രതിയാക്കി ഇയാൾ ഹൈക്കോടതിയിൽ ദീർഘകാലമായി കേസുകൾ നടത്തിവരികയാണ്.
കൊച്ചി-ധനുഷ്കോടി ദേശീയപാത 85ന്റെ നേര്യമംഗലം–വാളറ ഭാഗത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് വനംവകുപ്പിനെതിരെയുള്ള ഇയാളുടെ ഒടുവിലത്തെ കേസ് നിലനിൽക്കുന്നത്. ഇയാളുടെ മകൾ കിരൺ സിജുവും കോടതിയിൽ ഒന്നാം ഹർജിക്കാരിയായി തുടരുന്നുണ്ട്.
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും, അതിനുശേഷം ഫാർമേഴ്‌സ് അവയർനെസ് റിവൈവൽ മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച ശേഷവും വനസംരക്ഷണം, വന്യജീവി പരിപാലനം എന്നിവക്കെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവമതിപ്പുണ്ടാക്കിയും വനംവകുപ്പിനെ ശത്രുപക്ഷത്ത് നിർത്താനാണ് ഇയാൾ ശ്രമിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിനും വനംവകുപ്പിനുമെതിരെ സമരങ്ങൾ നയിക്കുകയും കോടതിയിൽ കേസുകൾ നടത്തുകയും ചെയ്ത ഒരാളെ അതേ വകുപ്പിന്റെ രാഷ്ട്രീയ-ഭരണ സംവിധാനത്തിലെ മർമ്മസ്ഥാനത്തേക്ക് നിയമിക്കുന്നതിലൂടെ വനം മന്ത്രിയും സർക്കാരും എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അറിയാൻ കേരളീയ സമൂഹത്തിന് അവകാശമുണ്ട്. ഇതേക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.
യു.ഡി.എഫിനെ വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങൾക്ക് ഈ നിയമനത്തിന്റെ ചേതോവികാരം എന്താണെന്ന് അറിയാൻ ന്യായമായ അവകാശമുണ്ടെന്നും, മുഖ്യമന്ത്രിയും വനം മന്ത്രിയും ഈ നിയമനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോ എക്സിസ്റ്റൻസ് കളക്ടീവിനു വേണ്ടി വീണ മരത്തൂർ (കോർഡിനേറ്റർ), എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), എം.എൻ. ജയചന്ദ്രൻ (എസ്.പി.സി.എ ഇടുക്കി), അഡ്വ. സന്തോഷ് (അനക് ട്രസ്റ്റ്), ടി.വി. രാജൻ (പശ്ചിമഘട്ട സംരക്ഷണ സമിതി), എം. രമിത്ത് (സഹ്യാദ്രി പരിസ്ഥിതി കൂട്ടായ്മ) ഉൾപ്പെടെ 14 പ്രമുഖ പരിസ്ഥിതി പ്രവർത്തകർ സംയുക്ത പ്രസ്താവനയിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.