ഷിഗല്ല: ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു

കോഴിക്കോട്: ഷിഗല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്. ഈ മാസം ഒന്നിനാണ് വയറിളക്കത്തെ തുടർന്ന് കുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകളാണ്. മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. 

ഷിഗല്ല കുടലിനെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ്. ഇത് ഉണ്ടാക്കുന്ന രോഗത്തെ 'ഷിഗല്ലോസിസ്' എന്ന് വിളിക്കുന്നു. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാവാൻ സാധ്യതയുള്ള ഒന്നാണിത്.

പ്രധാന ലക്ഷണങ്ങൾ

രക്തം കലർന്ന വയറിളക്കം: മലത്തോടൊപ്പം രക്തമോ കഫമോ കാണപ്പെടാം.

കടുത്ത വയറുവേദന: അടിവയറ്റിൽ ശക്തമായ വേദന അനുഭവപ്പെടാം.

പനി: 38-40 ഡിഗ്രി സെൽഷ്യസ് വരെ പനി വരാം.

ഛർദ്ദി: ഇടക്കിടെയുള്ള ഛർദ്ദി അനുഭവപ്പെടാം.

രോഗം പടരുന്ന വഴികൾ

മലിനമായ ഭക്ഷണം: അണുബാധയുള്ള വ്യക്തികൾ തയാറാക്കിയതോ, ഈച്ചകൾ വന്നിരുന്നതോ ആയ ഭക്ഷണം കഴിക്കുന്നത് വഴി.

മലിനജലം: അണുബാധയുള്ള ജലസ്രോതസ്സുകളിൽ നിന്നുള്ള വെള്ളം കുടിക്കുന്നത് വഴി.

നേരിട്ടുള്ള സമ്പർക്കം: രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ അവരുടെ മലമൂത്ര വിസർജ്ജന വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് വഴി.

മുൻകരുതലുകൾ

വ്യക്തിശുചിത്വം: ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയത്തിൽ പോയതിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.

ഭക്ഷണ കാര്യങ്ങൾ: പാകം ചെയ്ത ഭക്ഷണം മൂടിവെക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഒഴിവാക്കുന്നത് നല്ലതാണ്.

ജലശുദ്ധീകരണം: കുടിവെള്ളം തിളപ്പിച്ച് ആറ്റിയ ശേഷം മാത്രം ഉപയോഗിക്കുക.

രോഗബാധിതർ: വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ വൈദ്യസഹായം തേടുകയും, നിർജ്ജലീകരണം ഒഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് ലായനി എന്നിവ കഴിക്കുകയും വേണം.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

Tags:    
News Summary - Shigella: Four-year-old girl dies while undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.