കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പ്രശംസിച്ച് ശശി തരൂർ എം.പി. ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം കാന്തപുരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്നും ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർഥിക്കുന്നുവെന്നും തരൂർ പ്രതികരിച്ചു.
കാന്തപുരത്തിന്‍റെ ഇടപെടലാണ് നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവെക്കുന്നതിൽ നിർണായകമായത്. രണ്ടു ദിവസമായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബവും മറ്റു പ്രമുഖരും യെമനിൽ യോഗം ചേർന്നിരുന്നു. പിന്നാലെയാണ് യെമൻ ഭരണകൂടം വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത്. യെമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം മുസ്‌ലിയാരും വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനമെന്ന് നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.
ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.
‘യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ വിവിധ ഇടപെടലുകൾ 2020 മുതൽ നടന്നിട്ടുണ്ട്.
യെമനിലെ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട് എന്നാൽ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രിൽ മുതൽ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസിൽ നിന്നാണ് സനയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകൾ ഇതു വരെ വിജയിച്ചിട്ടില്ല.
ഈ അവസരത്തിൽ ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിയ മർകസ് ചാൻസലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അദ്ദേഹത്തിൻ്റെ ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നു.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.