പിണറായി വിജയൻ 

വ്യക്തിപരമായി പറഞ്ഞ കാര്യം കാമറ ശരീരത്തിൽ വെച്ചു നടക്കുന്നവർ വിവാദമാക്കി; മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് പിണറായി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് പിണറായി. വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനെ മമ്മൂട്ടി അപമാനിച്ചു എന്ന തരത്തിൽ വിഡിയോ പ്രചരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മമ്മൂട്ടി നല്ല ഉദ്ദേശത്തോടെയാണ് റഫീക്കിനോട് സംസാരിച്ചതെന്നും എന്നാൽ കാമറ ശശീരത്തിൽ വെച്ചു നടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഒരാൾ അത് വിവാദമാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു. വാർത്തകൾ പ്രചരിച്ചതോടെ മമ്മൂട്ടിക്ക് വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ആരെയും അറിയിച്ചു കൊണ്ടല്ല മമ്മൂട്ടി അവിടെ പോയത്. അദ്ദേഹത്തിന് അവിടെ എത്തണം എന്ന് തോന്നിയിട്ട് പോയതാണ്. എല്ലാ ഘട്ടങ്ങളിലും കേരളത്തിന്‍റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ചെന്നൈയിൽ നിന്നാണ് അദ്ദേഹം എത്തിയത്. അദ്ദേഹം എത്തി വീടുകൾ സന്ദർശിച്ചു. എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ ഇടപെടുന്ന പൊതുപ്രവർത്തകനാണ് റഫീഖ്. അങ്ങനെയാണ് റഫീഖ് മമ്മൂട്ടിയോടൊപ്പം പോയത്. ആരേയും അറിയിക്കാത്ത യാത്രയായതിനാൽ മമ്മൂട്ടി ആ ചെറുപ്പക്കാരനോട്, നിങ്ങൾ ക്ഷണിച്ചിട്ടല്ലല്ലോ ഞാൻ വന്നത്, അപ്പോൾ നിങ്ങൾ എന്‍റെ കൂടെ നടന്നാൽ അത് മറ്റു രീതിയിൽ ചിത്രീകരിക്കപ്പെടില്ലേ എന്ന് ചോദിച്ചു. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടാകുമല്ലോ, അങ്ങനെ വിവാദത്തിന് അവസരമുണ്ടാക്കില്ലേ എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. ഇത് വ്യക്തിപരമായി പറഞ്ഞ കാര്യമാണ്. ഒരു കാമറയുടെ മുന്നിലും പറഞ്ഞതല്ല. എന്നാൽ കാമറ ശരീരത്തിൽ വെച്ചു നടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഒരാൾ അത് വിവാദമാക്കി -പിണറായി വിജയൻ പറഞ്ഞു.

അതേസമയം, മമ്മൂട്ടി മഹാനായ മലയാളിയാണെന്നും അദ്ദേഹം മനപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ. റഫീഖ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും അദ്ദേഹത്തിന് അലോസരമാകരുതെന്ന നിലയിൽ ജാ​​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി പങ്കുവെച്ചതെന്നും റഫീഖ് കൂട്ടിച്ചേർത്തു.  

Tags:    
News Summary - Pinarayi apologizes to Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.