കാണാൻപാടില്ലാത്ത രീതിയിൽ ഭാര്യ കണ്ടുവെന്നതിന് മറുപടിയുമായി കെ.ബി. ഗണേഷ്‍കുമാർ; ‘പണ്ടും എനിക്ക് വീട്ടിൽ നിന്നാണല്ലോ ശത്രു​; ഒന്നല്ല 5000 പ്രണയമുണ്ട്’

പത്തനാപുരം: തനിക്കെതിരായ ആരോപണങ്ങൾ ഇലക്ഷൻ അടുക്കുമ്പോൾ വരുന്ന കാര്യങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ്‍കുമാർ. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ​ന്ത്രിയെ കാണാൻ പാടില്ലാത്ത രീതിയിൽ ഭാര്യ കണ്ടുവെന്നും പൊലീസിൽ പരാതി നൽകിയെന്നുമുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മനുഷ്യന്റെ രാഷ്ട്രീയമാണ് നോക്കേണ്ടത്. ഗണേഷ് കുമാർ എന്ന ജനപ്രതിനിധി ജനങ്ങളോട് എങ്ങനെ പെരുമാറി, ജനങ്ങൾക്ക് എന്തെല്ലാം ഉപകാരം ചെയ്തു, നാടിനും കേരളം എന്ന സംസ്ഥാനത്തിനും എന്ത് ഗുണം ചെയ്തു എന്നാണ് നോക്കേണ്ടത്. സർവേയിൽ ഏറ്റവും മികച്ച മന്ത്രിയായിട്ട് എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. ഒരു രാഷ്ട്രീയക്കാരന് വേണ്ടത് അവന്റെ സത്യസന്ധതയും അവന്റെ അഴിമതിരഹിതമായ ഭരണവും ജനങ്ങൾക്ക് ഉപകാരം ചെയ്യുകയാണ്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളെ സൈബർ ഇടങ്ങളിൽ ആക്രമിക്കരുത്. പത്തനാപുരത്തെ നിയമസഭാമണ്ഡലത്തിൽ ഇത്തരം കഥകൾക്ക് യാതൊരു പ്രസക്തിയില്ല. വെറും ഒരു സിനിമാ നടനും ബാലകൃഷ്ണപിള്ള സാറിന്റെ മോനാണെന്നും മാത്രം അറിയാവുന്ന ഒരു ചെറുപ്പക്കാരൻ പത്തനാപുരത്ത് മത്സരിക്കുമ്പോൾ എന്നെപ്പറ്റി പറയാത്ത അസഭ്യമില്ല. അന്ന് എന്റെ ഭാര്യയായിരുന്ന സ്ത്രീ എന്നെ പറ്റി 25 പേജുള്ള ഒരു പുസ്തകം അടിച്ച് വീടുകളിലെല്ലാം വിതരണം ചെയ്തതാണ്. ക്രൈം വാരിക ലക്ഷക്കണക്കിന് അടിച്ച് ഈ നാട് മുഴുവൻ വിതരണം ചെയ്തു. ഞാൻ മികച്ച വോട്ടിനാണ് ജയിച്ചത്.

‘ഗണേഷ് കുമാറിന് പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്ന പോലെ ഉള്ളൂ. മനസ്സിലായോ? നിങ്ങളിൽ പ്രണയിക്കാത്തവർ ആരാണ്? ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. കാരണം പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്. അവന് തലക്ക് എന്തെങ്കിലും അസുഖം കാണും. പുനത്തിൽ കുഞ്ഞബ്ദുല്ല പറഞ്ഞിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിന് പ്രണയം ഉണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്പേയിക്ക് ഉണ്ടായിരുന്നു. മാധവിക്കുട്ടി മരിക്കുന്നതു വരെയും പ്രണയിച്ചു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മലയാളം ബഹുമാനിക്കുന്ന മാധവിക്കുട്ടി പറഞ്ഞു. കമലാസുരയ്യ മരണം വരെയും പറയുന്നത് സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്രയും ഞാൻ അധപതിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അധപതനത്തെ കുറിച്ച് നിങ്ങളാണ് പറഞ്ഞത്, ഞാനല്ല. അദ്ദേഹം യോഗ്യനാണെന്ന് തെളിയിച്ചു, അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ആരൊക്കെ വരാൻ പോകുന്നതെന്ന് അറിയത്തില്ല. ഏതായാലും അദ്ദേഹം ചെയ്ത പണി ഞാൻ ചെയ്തു എന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. ശത്രുക്കൾ ധാരാളമുണ്ട്. ഇന്നും അങ്ങനെയല്ലേ? വീട്ടിനകത്ത് ശത്രു ഉണ്ടായിരുന്നല്ലോ, പണ്ടും വീട്ടിൽ നിന്നാണല്ലോ ശത്രു. അല്ലാതെ എന്നാണ് എന്നെ ജനങ്ങൾ എതിർത്തത്? ചില ആളുകളുടെ നിയന്ത്രണത്തിൽ വരുമ്പോൾ ചട്ടുകമായി മാറും ചിലർ. ആരോപണത്തിൽ യാതൊരു കഴമ്പുമില്ല. എന്റെ പേരിൽ ഒരുപാട് കേസുകൾ ഉണ്ടെന്ന് പറഞ്ഞാണ് അന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. പക്ഷേ എന്റെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, ഒരു സിവിൽ കേസാണ് എന്റെ പേരിൽ കൊടുത്തിരിക്കുന്നത്. ഞാൻ ആരെയും അവിശ്വസിക്കാറില്ല. എല്ലാവരോടും ഫ്രീ ആയിട്ട് ഇടപെടും. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആ നിഷ്കളങ്കത എന്നെ സഹായിക്കും. അത് മനുഷ്യത്വമാണ്, ദൈവവിശ്വാസമാണ്. ആരെങ്കിലും എന്നെ പറ്റി അനാവശ്യം പറഞ്ഞാൽ ഈ നിൽക്കുന്ന സഹോദരിമാർ വിശ്വസിക്കുമോ എന്ന് അവരോട് ചോദിക്കൂ.

മുൻ ഡി.ജി.പി ആർ. ശ്രീലേഖ കുശുമ്പ് കൊണ്ട് നടക്കുകയല്ലേ. ആരാണ് ഈ സ്ത്രീ? അവരെ മേയറാക്കാതെ രാജേഷിനെ മേയറാക്കിയതിന്റെ കുശുമ്പ് കൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്നയാൾ. അവർ ബിജെപിക്കാരിയാണ്. ഞാൻ കേരള കോൺഗ്രസ്സുകാരനാണ്’ -ഗണേഷ്‍കുമാർ പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വാളകത്തെ കുടുംബവീട്ടിൽ വെച്ച് മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ കണ്ടുവെന്നും പൊലീസിൽ പരാതിപ്പെട്ടുവെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദു കൃഷ്ണൻ ആരോപിച്ചിരുന്നു.

ദൃശ്യം പകർത്തിയ ഭാര്യയെ ഗണേഷിന്റെ സഹായികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോണുകൾ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെടാതെ പിൻമാറിയെന്നും ആരോപണമുണ്ട്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ തനിക്കെതിരെ മന്ത്രി കേസെടുപ്പിക്കട്ടെയെന്നും വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ലെന്നും യദു കൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മുൻ ഡിജിപിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖയുടെ ഭർതൃസഹോദരിയാണ് ഗണേഷിന്റെ ഭാര്യ. വാളകത്തെ വീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയപ്പോഴാണ് ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ കണ്ടതത്രെ. ഉടൻ അവർ ശ്രീലേഖയെ ഫോൺവിളിച്ച് കാര്യങ്ങൾ പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പൊലീസ് സഹായം തേടാൻ ശ്രീലേഖ നിർദേശിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തി​യെങ്കിലും ഇടപെടാതെ പിന്മാറി.

വീട്ടിൽ തിരിച്ചുകയറിയ ഇവർ വീണ്ടും ഫോട്ടോകൾ എടുത്ത​പ്പോൾ മൊബൈൽ കൈക്കലാക്കാൻ സഹായികളായ പ്രദീപിനോടും ശാന്തനോടും നിർദേശം നൽകിയത്രെ. വാതിൽ കുറ്റിയിട്ട് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുത്തില്ല. പിടിവലിക്കിടെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ ടാക്‌സി കാറിൽ തിരിച്ചുപോയി. സംഭവങ്ങൾ ആർ. ശ്രീലേഖ സ്ഥിരീകരിച്ചു. ഭർത്താവിന്റെ സഹോദരി എന്ന നിലക്കാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്ന് ശ്രീലേഖ പറഞ്ഞു.

‘ഭാര്യയെ മന്ത്രിയുടെ നിർദ്ദേശാനുസരണം പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചത് നിങ്ങൾ അറിഞ്ഞില്ലെ? ഭാര്യ, പോലീസിന്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലെ? കീഴൂട്ട് വീട്ടിലെത്തിയ പൊലീസിന് അവിഹിതത്തിന്റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലെ ? മന്ത്രിഭാര്യക്ക് പരിക്കേറ്റിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ? 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ? ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പൊലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ?’ -യദുകൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. 

Tags:    
News Summary - K.B. Ganeshkumar against r sreelekha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.