ആലപ്പുഴ: ടാറ്റ പ്രോജക്ട് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ വഴി സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഐ.ടി പ്രഫഷനലിന്റെ 15.11 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി എ.ആർ നഗർ ചെന്താപുര നമ്പൻകുന്നത്ത് വീട്ടിൽ അബ്ദുൽസലാമിനെയാണ് (39) തിരൂരങ്ങാടിയിൽനിന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ഡിസംബർ 30ന് ടെലഗ്രാം മെസഞ്ചർ ശ്രീനിധി എന്ന ഐ.ഡിയിൽനിന്ന് മെസേജ് വന്നതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ പത്തിയൂർ സ്വദേശിയായ പരാതിക്കാരന് ഷെയർ ഇടപാടിൽ താൽപര്യമുണ്ടെന്നറിയിച്ചു. തുടർന്ന് ടാറ്റ പ്രോജക്ടിന്റെ പേരിലുള്ള വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരന് അയച്ചുകൊടുത്തു. ഇവർ നൽകിയ അക്കൗണ്ടിലേക്ക് ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ മൂന്നുതവണയായി 15.11 ലക്ഷം രൂപ വാങ്ങി. ഈ പണം വ്യാജ വെബ്സൈറ്റിൽ പരാതിക്കാരനെ കാണിച്ചു.
ലാഭവും അയച്ചുകൊടുത്ത പണവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അടച്ച തുകയുടെ 50 ശതമാനംകൂടി സെക്യൂരിറ്റി ടാക്സ് തുകയായി അടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു.
പ്രതി തന്റെ അക്കൗണ്ടിലേക്ക് വന്ന പണം ചെക്ക് ഉപയോഗിച്ച് പിൻവലിക്കുകയും ഈ തുക സുഹൃത്തായ ജിത്തു എന്നയാളുടെ നിർദേശപ്രകാരം മലപ്പുറം സ്വദേശിയായ സുധീഷിന് കൈമാറുകയുംചെയ്തു. പണം ചെക്ക് വഴി പിൻവലിച്ച മലപ്പുറം കുറ്റൂർ നോർത്ത് സ്വദേശി അബ്ദുൽജലീലും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.