ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്; വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: വനിതാ കമീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണത്തിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഹിദ കമാലിന്‍റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ് എന്ന തലക്കെട്ടിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ വിമർശനം.

കടലാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡി.ലിറ്റും പി.ച്ച്ഡിയും നേടിയിട്ടുള്ളവരുടെ പട്ടിക പരിശോധിച്ചാൽ അവരെല്ലാം പ്രാഞ്ചിമാരായിരുന്നുവെന്ന് പറയേണ്ടി വരും. ഷാഹിദാ കമാൽ ഡി ലിറ്റ് ബിരുദം വാങ്ങിനിൽക്കുന്ന ഫോട്ടോയിലുള്ള ഓപൺ യൂണിവേഴ്സിറ്റി തട്ടിക്കൂട്ട് സ്ഥാപനമാണ്. ഒരു വർഷം മുമ്പ് അതിന്റെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പൊലീസ് പിടിച്ചിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്

വിജ്ഞാനോല്‍പാദനവും സംവാദാത്മകവുമായ ഇടങ്ങളാണ് യൂണിവേഴ്സിറ്റികളെന്നതാണ് വിവക്ഷ. നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലും യൂനിവേഴ്സിറ്റികള്‍ പൊതുവെ യു.ജി, പി ജി ബിരുദങ്ങള്‍ നല്‍കുന്നവയും അത് പോലെ ഗവേഷണ കേന്ദ്രങ്ങളുമാണുള്ളത്. ടെക്നിക്കല്‍, കൃഷി, സയന്‍സ്, സംസ്കാരം, ഭാഷ തുടങ്ങിയവയിലധിഷ്ഠിതമായ ഗവേഷണ കേന്ദ്രങ്ങളും സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളുമുണ്ട്. ഇത് കൂടാതെ സ്വകാര്യ മേഖലയില്‍ ഡീംഡ് യൂനിവേഴ്സിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ എല്ലാ സര്‍വ്വകലാശാലയും യു.ജി.സി മാനദണ്ഡ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.

ഈ യൂണിവേഴ്സിറ്റികള്‍ ഗവേഷണ ബിരുദത്തിന് പുറമേ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും അവര്‍ രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുമാണ് നല്‍കിയിട്ടുള്ളത്. കാലിക്കറ്റ് സര്‍വ്വകലാശാല കൊടുത്തിട്ടുള്ള ഡി.ലിറ്റ് ബിരുദത്തിന് അര്‍ഹരായിട്ടുള്ള ഏതാനും പേരുകള്‍ പറയാം, അപ്പോഴറിയാം അതിന്റെ യോഗ്യത എന്തായിരിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ്... ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും അതിനര്‍ഹതയില്ല എന്ന് നിങ്ങള്‍ പറയുമോയെന്നറിയില്ല...

ഷാഹിദ കമാലിന്റെ അവകാശവാദം ശരിവെക്കുകയാണെങ്കില്‍ 3 വസ്തുതകള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്..

1. ഷാഹിദാ കമാലിന്‍്റെ അവകാശവാദപ്രകാരമാണെങ്കില്‍ അവര്‍ ഡി.ലിറ്റ് നേടിയിരിക്കുന്നത് ഇന്‍്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്, എന്നാല്‍ അവര്‍ ബിരുദം വാങ്ങി നില്‍ക്കുന്ന ചിത്രത്തിലെ ഫയലിന്‍്റെ മുദ്ര ശ്രദ്ധിച്ചാല്‍ ആ യൂണിവേഴ്‌സിറ്റി The Open International University for Complementary Medicines എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം, ഇതേ പേരില്‍ തമിഴ്നാട്ടിലെ ത്രിച്ചിയില്‍ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്, ഒരു വര്‍ഷം മുന്‍പ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പോലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോള്‍ ബിരുദം തമിഴ്നാടാണോ?അതോ ശ്രീലങ്കയോ?

2. ഷാഹിദ കമാല്‍ 2018 ല്‍ ഫേസ്ബുക്ക് വഴി സ്വയം വെളിപ്പെടുത്തിയത് അവര്‍ക്ക് Social commitment & Empowerment of Women എന്ന വിഭാഗത്തിലാണ് "PhD" എന്നാണ്, പിന്നീട് വിവാദമായപ്പോള്‍ അത് ഡി.ലിറ്റ് എന്ന് തിരുത്തി, P.hD ഒരു അംഗീകൃത ഗൈഡിന്റെ കീഴില്‍ കഠിനമായ ഗവേഷണ മുറകളിലൂടെ കടന്ന് പോകുന്ന ഒരു പ്രക്രിയയും ഡി.ലിറ്റ് ഏതെങ്കിലും മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് യൂണിവേഴ്‌സിറ്റി വച്ചുവാഴിച്ചു നല്‍കുന്നതാണ്, അതിനാകട്ടെ ഒരു പാട് കടമ്ബകളുമുണ്ട്, ഒരാള്‍ക്ക് ഡി.ലിറ്റ് അനുവദിക്കണമെങ്കില്‍ ആ യൂണിവേഴ്‌സിറ്റിയുടെ Subject Expert Committee അംഗീകരിക്കണം, പിന്നീട് ഈ തീരുമാനം Academic Council, പിന്നീട് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയായ Executive Council, Senate, Syndicate ഇവയിലേതെങ്കിലും സമിതി അംഗീകാരം നല്‍കണം, അതുകഴിഞ്ഞാല്‍ ഡി.ലിറ്റ് ഔദ്യോഗികമായി അനുവദിക്കും മാത്രവുമല്ല അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ഡി.ലിറ്റ് അനുവദിക്കാറുമുള്ളൂ, ഇനി ഡി.ലിറ്റ് അല്ല Ph.D ആണെങ്കില്‍ അവരുടെ ഗൈഡിന്‍്റെ പേര് വെളിപ്പെടുത്തട്ടെ, ഒപ്പം മേല്‍പറഞ്ഞ വിഷയത്തില്‍ എങ്ങനെയാണ് ഒരു മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്ന് സ്വയം അവകാശപ്പെടുന്ന സ്ഥാപനത്തില്‍ നിന്നും Ph.D ലഭിക്കുക?

3. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം സൈനികവും അക്കാദമികവുമായ സ്ഥാനപ്പേരുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാനപ്പേരുകളും നിര്‍ത്തിയതാണ്, അങ്ങനെയെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചു അംഗീകൃത സര്‍വകലാശാലകള്‍ നല്‍കുന്ന ഡോക്ടറേറ്റ് സ്ഥാനപ്പേരുകള്‍ മാത്രമേ പേരിനൊപ്പം ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ, അങ്ങനെയാണെങ്കില്‍ തട്ടിക്കൂട്ട് സ്ഥാപനം വഴി നേടുന്ന ഡി.ലിറ്റ് സ്ഥാനപ്പേരുകള്‍ ഉപയോഗിക്കാന്‍ പാടില്ല

കടലാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡി.ലിറ്റും, പി.ച്ച്‌ ഡി യും നേടിയിട്ടുള്ളവരുടെ പട്ടിക പരിശോധിച്ചാല്‍ അവരെല്ലാം പ്രാഞ്ചിമാരായിരുന്നുവെന്ന് പറയേണ്ടി വരും.

പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ ടി വകുപ്പിന്റെ തലപ്പത്ത് ജോലി നല്‍കിയതിന്റെ ഖ്യാതി മാറും മുമ്ബേയാണ് ഷാഹിദ കമാലിന്റെ ഡി.ലിറ്റ് ചര്‍ച്ചയായിരിക്കുന്നത്, അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത് ജോസഫൈനെ സഹിച്ചതിനായിരുന്നോയെന്ന് എന്നും നിശ്ചയമില്ല... എല്ലാം മായയാകുന്ന ലോകത്ത് വനിത കമ്മിഷനംഗം ഈ ഡി.ലിറ്റ് ബിരുദത്തിന് സഹിക്കേണ്ടി വരും...


Tags:    
News Summary - Rahul Mankoottathil, Shahida Kamal, Fake Doctorate,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.