വിദ്യാർഥിയുടെ തിരോധാനം: പൊലീസിന് ‘പൂച്ചെണ്ടും കല്ലേറും’

മേലാറ്റൂർ: സ്​കൂൾ വിദ്യാർഥി മുഹമ്മദ് ഷഹീ​​​െൻറ തിരോധാനത്തിലും തുടർന്നുള്ള​ പിതൃസഹോദരൻ മുഹമ്മദി​​​െൻറ അറസ്​റ്റിലും പൊലീസിന് നാട്ടുകാരുടെ ആക്ഷേപവും ഒപ്പം അഭിനന്ദനവും. കുട്ടിയെ കാണാതായി അര മണിക്കൂറിനകം ഫോണിലും രണ്ട് മണിക്കൂറിനകം രേഖാമൂലവും മേലാറ്റൂർ സ്​റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് ഉണർന്ന് പ്രവർത്തിച്ചില്ലെന്നാണ് ബന്ധുക്കളും ആക്​ഷൻ കമ്മിറ്റി ഭാരവാഹികളും ആരോപിക്കുന്നത്. 

കാണാതായ ആദ്യ 12 മണിക്കൂറിൽ ജില്ലയിലെ പ്രധാന റോഡുകളിലൂടെ കുട്ടിയുമായി പ്രതി ബൈക്കിൽ സഞ്ചരിച്ചിട്ടും വാഹനപരിശോധ നടത്താനോ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനോ പൊലീസ്​ തയാറായില്ല. സ്കൂളിലെത്തിയ പൊലീസ്​ ദൃക്സാക്ഷികളിൽനിന്ന് വിവരങ്ങളാരായാൻ തയാറായില്ല. തിരോധാനത്തിന് പിന്നിൽ കുടുംബപ്രശ്നമാണെന്ന പ്രചാരണം പൊലീസും വിശ്വസിച്ചു. ഇതിനിടെ കുട്ടി ബന്ധുവി​​​െൻറ കൂടെയുണ്ടെന്ന വാട്സ്ആപ്​ ശബ്​ദ സന്ദേശം വ്യാപകമായി പ്രചരിച്ചെങ്കിലും ഉറവിടം കണ്ടെത്താനും മെനക്കെട്ടില്ല. 

പിറ്റേന്ന്​ മുതൽ കേരളം പ്രളയത്തിലമർന്നതോടെ പൊലീസ് രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. ഇതോടെ അന്വേഷണം നിലച്ചു. തുടർന്ന്​ ആക്​ഷൻ കമ്മിറ്റി പ്രക്ഷോഭത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപം കൊണ്ടത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഹവാല-സ്വർണക്കടത്ത് സംഘങ്ങളുടെ പങ്കും അന്വേഷിച്ചു. സംശയമുള്ള മുന്നൂറോളം സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചു. 40,000 മൊബൈൽ നമ്പറുകളിലെ ഫോൺ കാൾ പരിശോധിച്ചു. ഇതൊന്നും ഫലം കണ്ടില്ല. 

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിൻെറ മുൻനിരയിൽ പ്രതി മുഹമ്മദ് കുട്ടി
 

തുടർന്ന്​ അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങളിലേക്ക് തിരിച്ചു. മേലാറ്റൂരിന് 70 കിലോമീറ്റർ ചുറ്റളവിൽ 125 ഓളം ദൃശ്യങ്ങൾ പരിശോധിച്ചു. അങ്ങനെയാണ് ഒരാൾ ഒരു കുട്ടിയുമായി ബൈക്കിൽ സഞ്ചരിക്കുന്ന അവ്യക്ത ദൃശ്യം ലഭിച്ചത്. ആളെയോ ബൈക്ക് നമ്പറോ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ബൈക്കി​​​െൻറ മോഡൽ തിരിച്ചറിഞ്ഞു. ഇൗ മോഡലിലുള്ള മുഴുവൻ ബൈക്കി​​​െൻറയും ആർ.സി ഉടമകളുടെ വിലാസം പരിശോധിച്ച പൊലീസ് അക്കൂട്ടത്തിൽ പ്രതിയുടെ വിലാസവും കണ്ടെത്തി. ഇതോടെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായി. തുടർന്ന് ഷാഡോ പൊലീസ് പ്രതിയെ രഹസ്യമായി നിരീക്ഷിച്ച്​ പരമാവധി തെളിവ്​ ശേഖരിച്ചു. 

സി.സി.ടി.വി ദൃശ്യങ്ങൾ കുട്ടിയുടെ പിതാവിനെ കാണിച്ച് ഉറപ്പ് വരുത്തിയ പൊലീസ് അദ്ദേഹത്തെക്കൊണ്ട് പ്രതിയെ ഫോണിൽ വിളിപ്പിച്ച് കുട്ടിയുടെ കാര്യത്തിൽ ഒരു സിദ്ധനെ കാണാനായി പാണ്ടിക്കാട് ഒറവുംപുറത്തേക്ക് വരണമെന്നാവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പ്രതിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ആനക്കയം പാലത്തിന് ചുവട്ടിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെയാണ് ദുഃഖകരമായ വിവരം പുറംലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്തിയതോടെ പഴയ ആക്ഷേപങ്ങളൊക്കെ മറന്ന് ജനം പൊലീസിനെ അഭിനന്ദിക്കാനും തയാറായി. അതേസമയം, ആനക്കയം മുതൽ പരപ്പനങ്ങാടി വരെ പുഴക്കടവുകളിൽ അന്വേഷണം തുടരുകയാണ്. എടയാറ്റൂരിൽ നിന്നുള്ള പ്രത്യേക സംഘം ആഴമേറിയ ചുഴികളിലും തടയണകളിലും തിരച്ചിൽ നടത്തുന്നുണ്ട്.

പിന്നിൽ ബന്ധുവെന്ന്​ ആദ്യം മുതലേ പ്രചാരണം
കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവാണെന്ന്​ ആദ്യം മുതലേ പ്രചരിച്ചിരുന്നു. ഇത്​ ശരിവെക്കുന്ന തരത്തിൽ പിതൃസഹോദരൻ പിടിയിലായെങ്കിലും പിഞ്ചുബാലനെ ജീവനോടെ പുഴയിലെറിഞ്ഞതാണെന്ന വിവരം ഉറ്റവരെയും നാട്ടുകാരെയും തളർത്തി. പ്രളയനാളുകളിൽതന്നെ പുഴയിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞി​​​െൻറ കാര്യമോർത്ത്​ നാട് തേങ്ങി. ഒ​േട്ടറെ പേർ ഇപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്​ടപ്പെടുന്നത്. 
പ്രതിക്ക്​ ശീട്ടുകളിയിലൂടെയും മറ്റുമുണ്ടായ രണ്ടുലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന്​ പറയപ്പെടുന്നു. കുട്ടിയുടെ പിതാവ്​ സലീം ചില നിഗൂഢ ഇടപാടുകളിലൂടെ ധാരാളം പണം കൈയിൽ സൂക്ഷിക്കുന്നുണ്ടെന്ന വിശ്വാസത്തിലായിരുന്നു പ്രതി. പണ-സ്വർണ ഇടപാടുകളുമായി ബന്ധപ്പെട്ട് സലീമിനെതിരെ ഉയർന്ന ചില ഭീഷണികൾ ഒത്തുതീർപ്പാക്കുന്നതിൽ മുഹമ്മദും പങ്കാളിയായിരുന്നു.

മുഹമ്മദ് ഷഹീനായി കടലുണ്ടിപ്പുഴയിൽ തെരച്ചിൽ നടത്തുന്നു
 

തട്ടിക്കൊണ്ടുപോകൽ മൂൻകുട്ടി തയാറെടുപ്പ്​ നടത്തിയ ശേഷം
പ്രതി പൊലീസിന്​ നൽകിയ മൊഴിയനുസരിച്ച്​ തട്ടിക്കൊണ്ടുപോകലിനായി മുൻകൂട്ടി തയാറെടുപ്പ്​ നടത്തിയിരുന്നു. ഇതിനായി 10ാം തീയതി വെള്ളിയാഴ്​ച മലപ്പുറത്ത് ലോഡ്ജിൽ മുറിയെടുത്തു. തിങ്കളാഴ്ച രാവിലെ ലോഡ്​ജിൽനിന്നാണ് ബൈക്കിൽ എടയാറ്റൂരിലെത്തിയത്. കുട്ടിയെ ലോഡ്ജ് മുറിയിൽ ഒളിപ്പിച്ച് സ​േഹാദരൻ സലീമിനെ വിളിച്ച്, തട്ടിക്കൊണ്ടുപോയവർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും രണ്ടുലക്ഷം ആവശ്യപ്പെട്ടെന്നും പറയാനായിരുന്നു പദ്ധതി. കുട്ടിയെയും കൊണ്ട് ഒറുവംപുറം-പട്ടിക്കാട്-പെരിന്തൽമണ്ണ-കോട്ടക്കൽ വഴി തിരൂരിലെത്തി പുതിയ വസ്ത്രം വാങ്ങി നൽകി. വളാഞ്ചേരിയിലെ തിയറ്ററിൽ കയറി ഇരുവരും സിനിമ കണ്ടു. അപ്പോഴേക്കും കുട്ടിയെ കാണാതായ വിവരം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. തുടർന്നുള്ള യാത്രയിലാണ്​ ത​​​െൻറ പദ്ധതി വിജയിക്കില്ലെന്ന്​ തോന്നി കുട്ടിയെ പുഴയിലെറിഞ്ഞത്.

പൊലീസ്​ സ്​റ്റേഷൻ മാർച്ചിൽ പ്രതിയും
കുട്ടിയെ കണ്ടെത്താനുള്ള രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ആക്​ഷൻ കമ്മിറ്റിയുടെയും ശ്രമങ്ങളിൽ പ്രതി മുഹമ്മദും സജീവമായി പങ്കാളിയായിരുന്നു. ആക്​ഷൻ കമ്മിറ്റി 18ന് ശനിയാഴ്ച മേലാറ്റൂർ പൊലീസ് സ്​റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതി മുന്നണിയിൽതന്നെയുണ്ടായിരുന്നു. എം.എൽ.എ ഉൾപ്പെടെയുള്ളവരെ കാണാൻ പോയ ആക്​ഷൻ കമ്മിറ്റി ഭാരവാഹികളുടെ കൂടെയും ഉണ്ടായിരുന്നു. വീട്ടുകാരെ കൂട്ടി ചില സിദ്ധന്മാരെ കണ്ട് സഹായം തേടാനും പ്രതി രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Shaheen Missing Case Kerala Police-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.