കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസുകാരനായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി, നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യൂട്യൂബ് ഹിസ്റ്ററിയിൽ നിന്നാണ് ഇതിനുള്ള തെളിവ് ലഭിച്ചത്.
കൊലപാതക കേസിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവിന്‍റേതാണെന്ന രീതിയില്‍ നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാല്‍ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്‍റേതാണ് നഞ്ചക്ക് എന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിന്‍റെ തലയോട്ടി പൊട്ടിച്ചതാണ് മരണത്തിന് കാരണമായത്. ഷഹബാസിനെ നേരിൽ കണ്ടാൽ കൊല്ലുമെന്ന് പിടിയിലായവർ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. 62 പേരടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് കൊലവിളിയും, ഭീഷണിയും ഉണ്ടായത്. സംഭവത്തില്‍ അന്വേഷണ സംഘം മെറ്റയോടും വിവരങ്ങള്‍ തേടിയിരുന്നു.
രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് ഈ പകക്ക് കാരണം. ഷഹബാസിന്‍റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുമ്പും പരസ്പരം വെല്ലുവിളിച്ചതായി പൊലീസ് പറഞ്ഞു. നിലവിൽ ആറ് പേരാണ് കേസിൽ പിടിയിലായത്. അതേസമയം പ്രതികൾക്ക് കെയർ ഹോമിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘനകളുടെ പ്രതിഷേധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.