പൊലീസ് വാദം പച്ചക്കള്ളം; ഷാഫിയെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയിൽ കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതെന്ന പൊലീസ് വാദം പച്ചക്കള്ളം. പ്രവർത്തകർ അടക്കമുള്ള ആൾക്കൂട്ടം നോക്കി നിൽക്കെ ഷാഫിയെ പൊലീസ് ലാത്തി ഉപയോഗിച്ച് ആവർത്തിച്ച് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പേരാമ്പ്രയിൽ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തപ്പോൾ അനുനയിപ്പിക്കാനെത്തിയതാണ് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ. ഇതിനിടെ, മുഖാമുഖം നിന്ന പൊലീസുകാർ ഷാഫിയുടെ തലയ്ക്കും മുഖത്തും ലാത്തികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ഇതിലുണ്ട്.

എന്നാൽ, മർദിച്ചി​ട്ടില്ലെന്നും ടിയർ ഗ്യാസ് പൊട്ടിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാകാം എന്നുമാണ് പൊലീസ് പറഞ്ഞത്. ഈ വാദം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിഡിയോ ദൃശ്യം. ഷാഫി പറമ്പിലിന്റെ തലയ്ക്കും മുഖത്തും പൊലീസ് ലാത്തി ഉപയോഗിച്ച് മനഃപൂർവം മർദിച്ചെന്ന് ഇന്നലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടാവുന്നതിനിടെയായിരുന്നു ലാത്തി കൊണ്ടുള്ള അടി.

തല്ലുന്ന പൊലീസുകാരന്റെയും എംപിയുടേയും മുഖവും ലാത്തിയടിയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പൊലീസ് അതിക്രമത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് ഷാഫി പറമ്പിലിനെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങൾ.

പുതിയ ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇതിനിടെ, ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് കോൺ​ഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ നിരവധി എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചിരുന്നു. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.

Full View

Tags:    
News Summary - shafi parambil police attack video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.