കേരള യൂനിവേഴ്സിറ്റി ക്യാമ്പസില്‍ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പൊലീസ് വലയം ഭേദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന വേദിക്കരികിൽ വരെയെത്തി എസ്.എഫ്.ഐ പ്രതിഷേധം. സർവകലാശാല സെനറ്റ് ഹാളിൽ ഗവർണറെ പങ്കെടുപ്പിച്ചു നടത്തിയ അന്തർദേശീയ സംസ്കൃത സെമിനാറിലേക്ക് തള്ളിക്കയറാനും പ്രവർത്തകർ ശ്രമം നടത്തി.
സെനറ്റ് ഹാളിന്റെ വാതിലും ജനലും കൊട്ടിയടച്ചും പ്രവർത്തകരെ തള്ളിമാറ്റിയുമാണ് സെമിനാർ ഹാളിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞത്. പ്രതിഷേധം കാരണം ഒരു മണിക്കൂറോളം സെനറ്റ് ഹാൾ അടച്ചിട്ടാണ് സെമിനാർ നടത്തിയത്. സർവകലാശാലകളിൽ രാജ്ഭവൻ വഴി കാവിവത്കരണം നടപ്പാക്കുന്നെന്നാരോപിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ല പ്രസിഡന്റ് അഫ്സൽ, സെക്രട്ടറി ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണർ പങ്കെടുക്കുന്ന സെമിനാറിലേക്ക് പ്രകടനമായി എത്തിയത്. ഗേറ്റിൽ സമരക്കാരെ പൊലീസ് തടഞ്ഞു.
ഗേറ്റ് മറികടക്കാനുള്ള ശ്രമം ചെറുക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, ഏതാനും പ്രവർത്തകർ ഗേറ്റ് ചാടിക്കടന്ന് കോമ്പൗണ്ടിൽ കയറി. പിന്നാലെ, കൂടുതൽ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് കോമ്പൗണ്ടിൽ പ്രവേശിച്ചു. ഇതോടെ, ഹാളിന്റെ മുഴുവൻ വാതിലുകളും ജനലുകളും കൊട്ടിയടച്ചു. സെനറ്റ് ഹാളിന്റെ വരാന്തയിൽ കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ, ഉന്തും തള്ളുമായി. ഹാളിന്റെ ജനലിലടിച്ചും മുദ്രാവാക്യം വിളിച്ചും ഗവർണർക്കെതിരെ പ്രതിഷേധിച്ചു. സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥികളെ എത്തിച്ചാണ് സെമിനാറിന് കസേരകൾ നിറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.