എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം.സജി
കോഴിക്കോട്: കാമ്പസുകളിൽ മതത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതാണ് തങ്ങൾ എതിർത്തതെന്നും എം.എസ്.എഫിനെ ഏതെങ്കിലും തരത്തിൽ വംശീയമായി ആക്രമിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം.സജി പറഞ്ഞു.
എം.എസ്.എഫിനെ നേരിടാൻ അതിന്റെ പൂർണ രൂപം പറഞ്ഞാൽ മതിയെന്നും അതോടെ അവരുടെ രാഷ്ട്രീയം അപ്രസക്തമാവുമെന്നുള്ള എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനാണ് ദേശീയ അധ്യക്ഷന്റെ മറുപടി. എം.എസ്.എഫിന്റെ പൂർണരൂപം പറഞ്ഞാൽ മതിയെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞിട്ടില്ലെന്നും തെറ്റായ വ്യാഖ്യാനം നൽകുകയായിരുന്നുവെന്നുമാണ് ആദർശ് പറയുന്നത്. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആദർശ് എം.സജി.
എന്നാൽ, എം.ശിവപ്രസാദ് കഴിഞ്ഞ മാസം കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ: 'കമ്മ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എം.എസ്.എഫിന്റെ പൂർണരൂപം പറഞ്ഞാല്‍ എം.എസ്.എഫുകാർ വിറച്ചുപോകും. എം.എസ്. എഫിനെ നേരിടാന്‍ എസ്.എഫ്. ഐക്ക് വേറെ ആയുധമെടുക്കേണ്ട, സമരം ചെയ്യേണ്ട. വെറുതെ എം.എസ്.എഫിന്റെ പൂർണരൂപം പറഞ്ഞാല്‍ മതി..അവരുടെ രാഷ്ട്രീയം അപ്രസക്തമാകാന്‍'. എന്നായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐയെ നേരിടാൻ എം.എസ്.എഫ് മതത്തെ ഉപയോഗിച്ചെന്നും ജമാഅത്തെ ഇസ്ലാമിയുടെ നാവായി എം.എസ്.എഫ് മാറിയെന്നും ഇങ്ങനെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതാണ് എതിർത്തതെന്നും ആദർശ് എം.സജി വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.