തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു), ഡിജിറ്റൽ സർവകലാശാല വി.സി നിയമനങ്ങളിൽ ഹൈകോടതിയിൽനിന്നുണ്ടായത്, നിയമങ്ങൾ കാറ്റിൽപറത്തി സ്വന്തക്കാരെ താൽക്കാലിക വി.സിമാരായി വാഴിച്ച് പിൻവാതിലിലൂടെ സർവകലാശാല ഭരണം കൈപ്പിടിയിലൊതുക്കാൻ ഗവർണറെ മുന്നിൽ നിർത്തി സംഘ്പരിവാർ നടത്തിയ നീക്കത്തിനേറ്റ തിരിച്ചടി.
കെ.ടി.യുവിലും ഡിജിറ്റൽ സർവകലാശാലയിലും സർക്കാർ പാനൽ തള്ളി വി.സി നിയമനം നടത്തിയത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. കെ.ടി.യുവിൽ പ്രഖ്യാപിത സംഘ്പരിവാറുകാരനായ ഡോ. കെ. ശിവപ്രസാദിനെ നിയമിച്ചു. പിന്നാലെ സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി പദവിയിൽനിന്ന് കോടതി ഉത്തരവ് പ്രകാരം മാറ്റിയ ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിൽ വി.സിയാക്കി. താൽക്കാലിക വി.സി നിയമനം സർക്കാർ നൽകുന്ന പാനലിൽനിന്ന് ആയിരിക്കണമെന്ന് രണ്ട് സർവകലാശാലകളുടെയും ആക്ടിലുണ്ടായിരിക്കെയാണ് ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തിയത്.
കെ.ടി.യുവിലേക്ക് മുൻ സിൻഡിക്കേറ്റ് അംഗവും കോതമംഗലം എം.എ കോളജ് അധ്യാപകനുമായ പ്രഫ. വിനോദ്കുമാർ ജേക്കബ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ്, സാങ്കേതിക സർവകലാശാല മുൻ രജിസ്ട്രാറും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയിറിങ് (സി.ഇ.ടി) അധ്യാപകനുമായ പ്രഫ. എ. പ്രവീൺ എന്നിവരുടെ പേരുകളാണ് സർക്കാർ സമർപ്പിച്ചത്. ഇത് തള്ളിയാണ് കുസാറ്റിലെ ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ ഡോ. ശിവപ്രസാദിനെ വി.സിയാക്കിയത്. കെ.ടി.യു മുൻ വി.സി ഡോ. എം.എസ്. രാജശ്രീ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീർ, കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. എം.കെ. ജയരാജ് എന്നിവരുടെ പേരുകളാണ് ഡിജിറ്റൽ സർവകലാശാല വി.സി സ്ഥാനത്തേക്ക് നൽകിയിരുന്നത്. ഇത് തള്ളിയാണ് ഡോ. സിസ തോമസിനെ നിയമിച്ചത്.
രണ്ട് നിയമനങ്ങളും സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി സിംഗിൾ ബെഞ്ച് നിയമപരമല്ലെന്ന് ഉത്തരവിട്ടത്. ഇത് ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.