കൊച്ചി: പോക്സോ പോലെ ഗൗരവമുള്ളവും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകൾ ഒത്തുതീർപ്പിന്‍റെ പേരിൽ റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. പ്രതിയും ഇരയും തമ്മിൽ വിഷയം ഒത്തുതീർന്നതുകൊണ്ടോ അതിജീവിത മുൻ നിലപാടിൽനിന്ന് വ്യതിചലിച്ച് പ്രതിക്ക് അനുകുലമായി പത്രിക നൽകിയതുകൊണ്ടോ മാത്രം ഇത്തരം കേസുകൾ റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
പരിശോധനക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഡോ. പി.വി. നാരായണൻ നൽകിയ ഹരജി തള്ളിയാണ് ഈ നിരീക്ഷണം. 2016 ജൂലൈയിൽ ഡോക്ടറുടെ വസതിയോട് ചേർന്ന ക്ലിനിക്കിൽ ചികിത്സക്കെത്തിയ പ്ലസ് വൺ വിദ്യാർഥിനി നൽകിയ പരാതിയിലാണ് നല്ലളം പൊലീസ് ഹരജിക്കാരനെതിരെ കേസെടുത്തത്. താൻ മെഡിക്കൽ കോളജിലടക്കം ഉന്നതപദവി വഹിച്ചയാളാണെന്നും കുട്ടിക്കൊപ്പമുണ്ടായിരുന്ന അയൽവാസിയായ സ്ത്രീയുടേയും മകളുടെയും സാന്നിധ്യത്തിലാണ് പെൺകുട്ടിയെ പരിശോധിച്ചതെന്നും ഹരജിക്കാരൻ വാദിച്ചു.
കേസ് പിൻവലിക്കുന്നതിനെ അനുകൂലിച്ച് 2024ൽ പെൺകുട്ടി സത്യവാങ്‌മൂലം നൽകിയതും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ കേസിൽ പ്രോസിക്യൂഷൻ തെളിവുകൾ പ്രഥമദൃഷ്ട്യാ ശക്തമാണെന്നും ഒത്തുതീർപ്പായെന്ന പേരിൽ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യം വ്യക്തിപരമായി കാണാനാവില്ലെന്നും സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നുമാണ് കോടതി നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.