തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികളും നടത്തിയ ചർച്ച പരാജയം. മെഡിക്കൽ ഫീസ് കുറക്കുകയോ സ്കോളർഷിപ്പ് നൽകുകയോ ചെയ്യില്ലെന്നും ഈ വിഷയം അടഞ്ഞ അധ്യായമാണെന്നും അസോസിയേഷൻ പ്രസിഡന്‍റ് കൃഷ്ണകുമാർ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ സർക്കാറുമായി ഇനി ചർച്ചയില്ല. രാവിലെ ചേർന്ന അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ ഫീസ് കുറക്കുന്നതിനോ സ്കോളർഷിപ്പ് നൽകുന്നതിനോ അംഗങ്ങൾ അനുകൂലിച്ചിട്ടില്ല. കോളജുകൾ നടത്തി കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടുകളാണ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതെന്നും കൃഷ്ണകുമാർ അറിയിച്ചു.
രാവിലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി ചർച്ച നടത്തിയതിന് ശേഷമാണ് മാനേജ്മെന്‍റ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഈ ചർച്ചയാണ് അന്തിമ തീരുമാനമാകാതെ പരാജയപ്പെട്ടത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്നാണ് എം.ഇ.എസ് അടക്കമുള്ള മാനേജുമെന്‍റുകൾ നിലപാട് സ്വീകരിച്ചിരുന്നത്.
സ്വാശ്രയ പ്രശ്നത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ നിഷേധാത്മക സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നേരത്തെ പ്രഖ്യാപിച്ച സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാൻ മാനേജ്മെന്‍റ് തയാറായാൽ സമരം അവസാനിപ്പിക്കാമെന്നാണ് യു.ഡി.എഫ് നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം, ഏഴു ദിവസമായി നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ് എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നാലു മണിയോടെ പ്രത്യേക ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
യു.ഡി.എഫ് എം.എൽ.എമാരായ വി.ടി ബലറാമും റോജി എം. ജോണും വരും ദിവസങ്ങളിൽ നിരാഹാര സമരം നടത്തുക. കൂടാതെ, മുസ് ലിം ലീഗിന്‍റെ എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്നും ആബിദ് ഹുസൈൻ തങ്ങളും അനുഭാവ സത്യാഗ്രഹം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.