തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയത്തിന് മൂന്നുമാസം കൂടി സമയം നീട്ടി ആവശ്യപ്പെട്ട് ഫീസ് നിർണയ സമിതി സുപ്രീംകോടതിയിൽ.കോവിഡ് വ്യാപനവും ലോക്ഡൗണും ഫീസ് നിർണയ നടപടികൾ പൂർത്തിയാക്കുന്നതിന് തടസ്സമായെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോടതിയെ സമീപിച്ചത്.
കോളജുകൾ സമർപ്പിക്കുന്ന രേഖകൾ കൂടി പരിഗണിച്ച് മൂന്നു മാസത്തിനകം ഫീസ് പുനർനിർണയിക്കാൻ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി നിർദേശിച്ച കാലാവധി മേയ് 23ന് അവസാനിച്ചു.
ഇൗ സാഹചര്യത്തിലാണ് മൂന്നുമാസം കൂടി സമയം ദീർഘിപ്പിക്കാൻ അനുമതി തേടിയത്. ഫീസ് നിർണയ സമിതി ഒാഫിസിലെ ജീവനക്കാർക്കുൾപ്പെടെ കോവിഡ് ബാധിച്ചിരുന്നു.
പല കോളജ് അധികൃതർക്കും കോവിഡും ലോക്ഡൗണും തടസ്സമായി. ചില കോളജുകൾ രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിക്കുകയും ചെയ്തിരുന്നു. 2017-18 അധ്യയന വർഷം മുതലുള്ള സ്വാശ്രയ എം.ബി.ബി.എസ് ഫീസാണ് നിർണയിക്കാനുള്ളത്. നേരത്തേ സമിതി നിശ്ചയിച്ച ഫീസ് ഘടന രണ്ടു തവണ ഹൈകോടതി റദ്ദാക്കി. സർക്കാറും വിദ്യാർഥികളും സമർപ്പിച്ച അപ്പീലിലാണ് മൂന്നു മാസത്തിനകം ഫീസ് നിർണയം പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.