തിരുവനന്തപുരം: പകുതി വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് അനുവദിക്കാമെന്ന നിർദേശവുമായി സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകള്‍ സര്‍ക്കാറിനെ സമീപിച്ചു. എട്ട് കോളജുകളാണ് നിര്‍ദേശം െവച്ചത്. അവശേഷിക്കുന്ന 50 ശതമാനത്തിലെ 35 ശതമാനത്തില്‍ ഉയര്‍ന്ന ഫീസും 15 ശതമാനം എന്‍. ആര്. ഐ സീറ്റില്‍ അതിലും ഉയര്‍ന്ന ഫീസും വേണമെന്നാണ് മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം അവര്‍ കോടതിയെയും അറിയിച്ചിട്ടുണ്ട്. പകുതികുട്ടികള്ക്ക് കുറഞ്ഞഫീസില്‍ പഠിക്കാനാവുന്നത് ആശ്വാസമാണെന്നും നിര്‍ദേശം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിർദേശം സ്വീകാര്യമാണ്. കുട്ടികളെ അലോട്ട് ചെയ്യാനുള്ള അവകാശം സര്ക്കാറിനുതന്നെയായിരിക്കും.
കഴിഞ്ഞ വർഷം 20 ശതമാനം സീറ്റിൽ ബി.പി.എൽ/ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 25000 രൂപക്കും 30 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപക്കും എം.ബി.ബി.എസ് പഠന സൗകര്യമുണ്ടായിരുന്നു. മാനേജ്മെൻറ് സീറ്റിൽ 11 ലക്ഷവും എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷവും ആയിരുന്നു ഫീസ്. ഇതു തുടരാൻ സന്നദ്ധമാണെന്ന സേന്ദശമാണ് മാനേജ്മെൻറുകൾ നൽകുന്നത്. സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്ന സ്വാശ്രയ ഒാര്‍ഡിനന്‍സില്‍ പിശകുണ്ടായതിനാല്‍ അതു ഭേദഗതി ചെയ്തിട്ടുണ്ട്. അതനുസരിച്ച് ഫീസ് നിര്‍ണയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ നിർദേശാനുസരണം ഫീസ് ഘടന വരുമെന്നും മന്ത്രി പറഞ്ഞു. താൽപര്യമുള്ള മാനേജ്മെൻറുകളുമായി തിങ്കളാഴ്ച ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തും.
അതേസമയം, ഭേദഗതി ഓര്‍ഡിനന്‍സ് വെള്ളിയാഴ്ച വൈകിയും ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടില്ല. മാനേജ്മെൻറുകളുടെ പുതിയ ഫീസ് നിർദേശം കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന ആശങ്കയുണ്ട്. പ്രവേശനം പൂർണമായും നീറ്റ് പട്ടികയിൽനിന്നായതിനാൽ ഓരോ കോളജിലും 50 ശതമാനം വിദ്യാര്‍ഥികളെ ഫീസിളവിനായി െതരഞ്ഞെടുക്കുന്നതിന് എന്തു മാനദണ്ഡം സ്വീകരിക്കുമെന്നതിൽ വ്യക്തത ആവശ്യമാണ്. ഉയര്‍ന്ന റാങ്കുണ്ടായിട്ടും ഫീസ് ഇളവ് ലഭിക്കാത്ത കുട്ടികള്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്താല്‍ പ്രവേശനം കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങും. ഒരു വിഭാഗം വിദ്യാർഥികളിൽനിന്ന് കൂടുതൽ ഫീസ് ഇൗടാക്കി മറ്റൊരു വിഭാഗത്തിന് ഫീസിളവ് നൽകുന്ന ക്രോസ് സബ്സിഡി നിലനിൽക്കുമോ എന്നതിലാണ് ആശങ്ക.
ഇക്കാര്യം നിയമവകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചതായാണ് സൂചന. സുപ്രീംകോടതിയുടെ അന്നത്തെ വിധികള്‍ ഇപ്പോള്‍ അപ്രസക്തമാണെന്നാണ് മാനേജ്മെൻറുകള്‍ പറയുന്നത്. മെഡിക്കൽ, ഡെൻറൽ കോഴ്സുകൾക്ക് ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കാനുള്ള തീരുമാനം അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ് വരുത്തിയിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു മെഡിക്കൽ, ഡെൻറൽ അുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് സ്കോർ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം. 43000 വിദ്യാർഥികൾ മാത്രമാണ് വ്യാഴാഴ്ച വരെ ഇത് സമർപ്പിച്ചത്. എണ്ണക്കുറവ് വ്യക്തമായതോടെ ഇതിനുള്ള സമയം ശനിയാഴ്ച വൈകീട്ട് അഞ്ചു വരെ ദീർഘിപ്പിക്കുകയായിരുന്നു. വെളളിയാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം എണ്ണം 45,000 ആയി ഉയർന്നിട്ടുണ്ട്. മെഡിക്കലിന് അഞ്ചര ലക്ഷം രൂപയും ഡെൻറലിന് രണ്ടര ലക്ഷവും ആണ് നേരത്തേ ഏകീകൃത ഫീസായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്. ഇൗ ഫീസാണ് നിർധന വിദ്യാർഥികൾക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.