സ്വാശ്രയ കോളജ്​ പ്രശ്​നം: ഫെബ്രുവരി 2 ന് വൈസ് ചാന്‍സലര്‍മാരുടെ യോഗം

തിരുവനന്തപുരം: ലോ അക്കാദമി ഉൾപ്പെടെയുള്ള സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫെബ്രുവരി 2 ന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. സര്‍ക്കാരിന് നേരിട്ട് സ്വാശ്രയ കോളേജുകളില്‍ ഇടപെടാനാവില്ല. യൂനിവേഴ്സിറ്റികള്‍ വഴിയാണ് ഇടപെടാനാകുക. അതുകൊണ്ടാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി ​ഫേസ്​ബുക്​ പോസ്​റ്റിൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.
പല സ്വാശ്രയ സ്ഥാപനങ്ങളുടെയും കണ്ണ് ലാഭത്തിലാണെന്നും മുഖ്യമന്ത്രി ഫേസ്​ബുക്​ പോസ്​റ്റിൽ പറഞ്ഞു. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ചില സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കുട്ടികള്‍, അവര്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട ചാച്ചാജിയുടെയും ടോംസി​​െൻറയും പേരുകള്‍ കേള്‍ക്കുമ്പോള്‍ കിടിലം കൊള്ളുകയാണ്. ചാച്ചാജിയെന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിക്കുന്ന നെഹ്റുവി​​െൻറ പേരിലുള്ള കോളജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇത്തരത്തിലുള്ള കാര്യങ്ങളാണോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കേണ്ടതെന്ന് പരിശോധിക്കപ്പെടണം.
ടോംസ് കോളജില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ആശങ്കയുണ്ടാക്കുന്നതാണ്. നിരവധി പരാതികളാണ് നേരിട്ടും അല്ലാതെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം അറിയിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂഷണമല്ല. അനഭിലഷണീയമായ കാര്യങ്ങളാണ് അടുത്തിടെ കേള്‍ക്കുന്നത്. പരാതികള്‍ ഗൗരവകരമായ നടപടികള്‍ അര്‍ഹിക്കുന്നു.
സ്വാശ്രയ കോളേജുകളുടെ നടപടികളില്‍ വിദ്യാര്‍ത്ഥി സമൂഹം അസംതൃപ്തരാണെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസ്ഥയുണ്ടാക്കും. ഏതു പാവപ്പെട്ട വിദ്യാര്‍ത്ഥിക്കും മികച്ച പഠന സൗകര്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഫേസ്​ബുക്​ പോസ്​റ്റ്​ വ്യക്തമാക്കുന്നു.

Tags:    
News Summary - self financing college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.